24 April 2024 Wednesday

കേരളത്തിൽ നിന്നും എത്തുന്ന രോഗികൾക്ക് ചികിത്സ നൽകരുത് എന്ന ഉത്തരവ് കർണാടക പിൻവലിച്ചു അതിർത്തി വഴി രോഗികളെ കടത്തിവിടാൻ കർണാടക ഇനിയും തയ്യാറായില്ല

ckmnews


കാസർഗോഡ് : ഏപ്രിൽ ഒന്നിനാണ് ദക്ഷിണ കന്നട കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് വിവാദ ഉത്തരവ് പുറത്തുവിട്ടത്. മംഗളൂരുവിലെ എട്ടോളം മെഡിക്കൽ കോളേജുകൾക്കായിരുന്നു നിർദ്ദേശം നൽകിയത്.

അതിർത്തി വിഷയത്തിൽ സുപ്രീം കോടതി നിർദേശം പോലും കാറ്റിൽ പറത്തുന്ന നിലപാടാണ് കർണാടക സ്വീകരിക്കുന്നത്. രോഗികളെ കടത്തിവിടണമെന്ന കേരള ഹൈക്കോടതിയും, സുപ്രീം കോടതിയും നിർദ്ദേശം നൽകിയെങ്കിലും അതിർത്തികൾ തുറക്കാൻ കർണാടക ഇതുവരെ തയ്യാറായിട്ടില്ല. അതേ സമയം കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ചികിത്സ നിഷേധിക്കണമെന്ന വിവാദ ഉത്തരവ് കർണാടക പിൻവലിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്തരമൊരു വിവാദ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ മംഗളുരുവിലെ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുത്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത് എന്ന നിര്‍ദേശമായിരുന്നു ആ ഉത്തരവിലുണ്ടായിരുന്നത്. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരിലായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറങ്ങിയതോടുകൂടി തന്നെ വലിയ വിവാദമുയര്‍ന്നിരുന്നു. നിരവധി മലയാളികള്‍ ഇതിനകം തന്നെ മംഗളുരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സകളിലാണ്. ഈ ഉത്തരവിനെ തുടര്‍ന്ന് ഈ രോഗികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യേണ്ടിവരുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.