19 April 2024 Friday

തേക്കടിയില്‍ സഞ്ചാരികള്‍ക്ക്​ തിരിച്ചടിയായി നിരക്ക് വര്‍ധന

ckmnews

ജില്ലയിലെ വിനോദസഞ്ചാര മേഖലകള്‍ സഞ്ചാരികളെക്കൊണ്ട് നിറയുമ്ബോഴും തേക്കടിയിലേക്ക് ആരും എത്തുന്നില്ല. പെരിയാര്‍ കടുവ സങ്കേതത്തിലെ നിയന്ത്രണങ്ങളും വന്‍ നിരക്ക്​ വര്‍ധനയുമാണ് സഞ്ചാരികളെ തേക്കടിയോട് വിടപറയിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ജില്ലയിലെ വാഗമണ്‍, മൂന്നാര്‍, ചെല്ലാര്‍കോവില്‍ ഉള്‍​െപ്പടെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍ തിരക്കാണനുഭവപ്പെടുന്നത്​. എന്നാല്‍, തേക്കടിയില്‍ സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.

കോവിഡി​െന്‍റ ഭാഗമായി നിരക്കുകളില്‍ വന്‍വര്‍ധന വരുത്തിയത് അഭ്യന്തര വിനോദസഞ്ചാരികളെ തേക്കടി വിട്ട് മറ്റ് മേഖലകളിലേക്കുപോകാന്‍ നിര്‍ബന്ധിതരാക്കി. കോവിഡിന് മുമ്ബ് 255 രൂപയായിരുന്ന ബോട്ട് ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 385 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതോടൊപ്പം പ്രവേശ ഫീസ് 45ല്‍ നിന്നും 70 ആയും ബസ്​ നിരക്ക് 20ല്‍ നിന്നും 30 ആയും വര്‍ധിപ്പിച്ചു.

തടാകത്തിലൂടെയുള്ള ബോട്ട് സവാരികളുടെ എണ്ണം അഞ്ചില്‍നിന്ന്​ രണ്ടായി കുറച്ചതും തിരിച്ചടിയായി. ഇത് വീണ്ടും അഞ്ച്​ ട്രിപ്പായി പുനഃസ്ഥാപിച്ചെങ്കിലും നിരക്ക് കുറക്കാത്തത് പ്രതിസന്ധിയായി തുടരുന്നു.കോവിഡിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വിനോദസഞ്ചാര മേഖല തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

സ്വകാര്യ മേഖലയിലെ മിക്ക ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്​റ്റേ എന്നിവയെല്ലാം നിരക്കുകള്‍ മൂന്നിലൊന്നായി താഴ്ത്തിയാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നത്.

ഇതിനിടയിലാണ് വനം-കെ.ടി.ഡി.സി നിരക്ക് വര്‍ധന വിനോദസഞ്ചാര മേഖലക്ക്​ തിരിച്ചടിയാവുന്നത്.