19 April 2024 Friday

1070 അടി ഉയരത്തില്‍ എത്തുന്നത് വെറും 83 സെക്കന്റ് കൊണ്ട്; ഭയാനകമായ മലയുടെ മുകളില്‍ എത്തിയാല്‍ കാലു തരിക്കും; ലോകത്തെ ഏറ്റവും ഉയരം കൂടിയ ലിഫ്റ്റില്‍ യാത്ര ചെയ്താല്‍ ഇരിക്കുമെന്നറിയാമോ?

ckmnews

സിനിമാസെറ്റുകളേക്കാള്‍ ഭയാനകമായ ചിലയിടങ്ങളുണ്ട് ഭൂമിയില്‍. അത്തരത്തിലൊന്നാണ് ചൈനയിലെ സന്‍ജിയാജി ഫോറസ്റ്റ് പാര്‍ക്കിലെ ചെങ്കുത്തായ മലനിരകള്‍. ആയിരത്തിലേറെ അടി ഉയരമുള്ളഈ മലയിലേക്ക് ഒരു ലിഫ്റ്റുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ലിഫ്റ്റിലേ യാത്ര ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട അഡ്വഞ്ചര്‍ ടൂറിസങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. 1000 അടി ഉയരത്തിലെത്താന്‍ ഈ ലിഫ്റ്റ് എടുക്കുന്നത് കേവലം 88 സെക്കന്റ് മാത്രമാണെന്നതാണ് ഇതിനെ മറ്റു ലിഫ്റ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

പല സിനിമകള്‍ക്കും കഥകള്‍ക്കും പ്രചോദനമായിട്ടുള്ള ചെങ്കുത്തായ ഈ മണല്പറക്കെട്ടിനു മുകളിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിയിലെ യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇടക്ക് ഇവിടെ തിരക്കില്ലായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും തിരക്ക് വര്‍ദ്ധിച്ചു വരുന്നുണ്ട്. അവതാര്‍ എന്ന സിനിമയുടെ പ്രചോദനവും ഈ മലനിരയായിരുന്നു എന്നതാണ് ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാരണം.

ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഇവിടെ എലവേറ്ററുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്. അതുകൊന്റാണ് ഇവിടെ ഈ ബൈലോംഗ് എലവേറ്റര്‍ സ്ഥാപിച്ചതെന്ന് ഇതിന്റെ ചുമതലക്കാരായ കമ്ബനിയുടെ വക്താവ് പറയുന്നു. നേരത്തേ, പരിമിതമായ സിറ്റിങ് കപ്പാസിറ്റിയുള്ള ഒരു കേബിള്‍ കാര്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതിനാല്‍, മലയുടെ മുകളിലെത്താന്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെനേരം കാത്തുനില്‍ക്കേണ്ടതായി വരുമായിരുന്നു. അതല്ലെങ്കില്‍ മറ്റൊരു വഴി, മലയിലൂടെ നടന്നു കയറുക എന്നതുമാത്രമാണ്. ഏകദേശം മൂന്നു മണിക്കൂര്‍ സമയമെടുക്കും ഇത്തരത്തില്‍ നടന്നു കയറുവാന്‍.

അപ്പോഴാണ് ഈ അതിവേഗ ലിഫ്റ്റ് എന്ന ആശയം വന്നത്. ഒരു പ്രാവശ്യം ഇതില്‍ കയറി മലമുകളിലെത്തി തിരിച്ചിറങ്ങാന്‍ 19 ഡോളറാണ് ഈടാക്കുന്നത്. ഓരോ ദിവസവും ഏകദേശം 8000 വിനോദ സഞ്ചാരികള്‍ ഈ ലിഫ്റ്റ് ഉപയോഗിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, കോവിഡിനു മുന്‍പേ ഒരു ദിവസം ശരാശരി 14,000 വിനോദസഞ്ചാരികളെങ്കിലും എല്ലാദിവസവും ഇവിടെ എത്തുമായിരുന്നത്രെ. വെറും 88 സെക്കന്റ് സമയം കൊണ്ടാണ് ഈ ലിഫ്റ്റ് യാത്രക്കാരെ 1,070 അടി ഉയരത്തില്‍ എത്തിക്കുന്നത്.




ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയതും ഉയരം കൂടിയതുമായ ഇതിന്റെ മൊത്തം ചെലവ് 13.7 മില്ല്യണ്‍ ഡോളറാണ്. എല്ലാ ഭാഗവും സുതാര്യമായ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ലിഫ്റ്റ്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഡബിള്‍ ഡെക്ക് സൈറ്റ് സീയിങ് ലിഫ്റ്റ്, ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ കയറ്റാവുന്നതും ഏറ്റവും വേഗതകൂടിയതുമായ ലിഫ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഇത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് വ്യത്യസ്ത ഗ്ലാസ്സ് എലവേറ്ററുകള്‍ അടങ്ങിയതാണ് ഈ ലിഫ്റ്റ്. ഓരോ എലവേറ്ററിലും 50 പേരെ വീതം കയറ്റാനാവും.

1999 ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. മൂന്നു വര്‍ഷംകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് ഏറെ താമസിയാതെ ചില സുരക്ഷാ കാരണങ്ങളാല്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടതായി വന്നു. പിന്നീട് എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടി 2003 നാണ് ഇത് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.