19 April 2024 Friday

ഉണ്ണികൃഷ്ണൻ്റെ ഉള്ളിലുണ്ട് കലകളുടെ കടലിരമ്പം

ckmnews

ഉണ്ണികൃഷ്ണൻ്റെ ഉള്ളിലുണ്ട്

കലകളുടെ കടലിരമ്പം


പടിഞ്ഞാറങ്ങാടി:പച്ചക്കറിക്കച്ചവടത്തിൻ്റെ തിരക്കിനിടയിലും പച്ചയായ ജീവിതാനുഭവങ്ങളിൽ നിന്ന് സർഗ കലകളുടെ സുഗന്ധം ചുരത്തുകയാണ് ഉണ്ണികൃഷ്ണൻ. കഥയും കവിതയും രചിച്ച്, പാട്ടെഴുത്തിൻ്റെ പാലാഴി തീർത്ത്, കഥാകഥനങ്ങളിൽ കൈയ്യടി നേടി, ചിത്രകലകളിൽ വിസ്മയം സൃഷ്ടിച്ച്, നാടകവേദികളിൽ നിറഞ്ഞാടി ഈ ബഹുമുഖ പ്രതിഭ അൽഭുതം സൃഷ്ടിക്കുകയാണ്!

പടിഞ്ഞാറങ്ങാടി സ്വദേശിയായ കുറുപ്പത്ത് ഉണ്ണികൃഷ്ണനാണ് വൈവിധ്യമാർന്ന സർഗ സിദ്ധികൾ ഹൃദയത്തിലേറ്റുമ്പോഴും ജീവിതത്തിൻ്റെ പച്ചപ്പു നിലനിർത്താൻ നടുവട്ടത്തെ പച്ചക്കറിക്കടയിൽ പണിയെടുക്കുന്നത്. ഉണ്ണികൃഷ്ണൻ്റെ അകം നിറയെ അനുഗൃഗീത കലകളാണ്. അധ്വാനത്തോടൊപ്പം എഴുത്തും അഭിനയവും ഉൾച്ചേർന്ന ഒരു ജീവിതമാണ് നാൽപ്പത്തിയെട്ടുകാരനായ ഇദ്ദേഹത്തിൻ്റേത്.

പടിഞ്ഞാറങ്ങാടി ഒതളൂരിലെ പരേതനായ കുറുപ്പത്ത് ഗോവിന്ദൻകുട്ടി മേനോൻ്റെയും മാധവിക്കുട്ടിയമ്മയുടെയും മകനായ ഉണ്ണികൃഷ്ണൻ അമേച്വർ നാടക വേദികളിലൂടെയാണ് പ്രൊഫഷണൽ രംഗത്തെത്തി കലാ പ്രവർത്തനങ്ങളിൽ മുഴുകിയത്. പ്രമുഖ നാടകകൃത്ത് ഹേമന്ത്കുമാർ ഉൾപ്പടെയുള്ളവരുടെ രചനകളിൽ തന്മയത്വത്തോടെ പകർന്നാടിയ ഇദ്ദേഹം, വില്ലൻവേഷങ്ങളിൽ കാഴ്ചവച്ച അഭിനയത്തികവ് വിവിധങ്ങളായ വേദികളിലെത്താൻ അവസരമുണ്ടാക്കി. അനവധി ഷോർട്ട് ഫിലിമുകളിലും വേഷമിട്ടു. നാടകങ്ങളുമായി നാടുചുറ്റിയതോടൊപ്പം കവിഹൃദയവും കാത്തുസൂക്ഷിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. ജീവിതഗന്ധിയായ പ്രമേയങ്ങൾ നിറച്ച ഉണ്ണികൃഷ്ണൻ്റെ കവിതകൾ യുവത്വത്തിലാകെ പൂത്തുലഞ്ഞു. 'തർപ്പണം' ആയിരുന്നു ആദ്യ കവിത. മരണാസന്നയായ നിളയെ കണ്ടപ്പോൾ എഴുതിയ ആ കവിതയ്ക്കു ശേഷം ഉണ്ണികൃഷ്ണൻ്റെ മാനസതീരത്ത് 

സാഗരത്തിരമാല പോലെ കാവ്യവരികൾ തിരതല്ലി! പത്തും ഇരുപതുമല്ല, നൂറിൽപരം കവിതകൾ.

ഇവയെയൊന്നും കവി വെളിച്ചം കാണിച്ചില്ലെങ്കിലും ഇരുപത്തിയഞ്ച് കവിതകളുടെ സമാഹാരം പുറത്തിറക്കാൻ ഉണ്ണികൃഷ്ണന് മോഹമുണ്ടായി. കവി ആലങ്കോട് ലീലാകൃഷ്ണൻ കവിതകൾ പരിശോധിക്കുകയും ഓരോന്നും എഴുതാനുണ്ടായ സാഹചര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. "അതിജീവന ബലമുള്ള വാക്കിൻ്റെ നാനാർഥങ്ങൾ " എന്ന് ലീലാകൃഷ്ണൻ സമാഹാരത്തിന് നാമകരണം ചെയ്തെങ്കിലും പുറത്തിറക്കാനുള്ള സാമ്പത്തിക ഞെരുക്കം കൊണ്ട് ഉണ്ണികൃഷ്ണൻ തൻ്റെ ഉൽക്കടമായ മോഹത്തെ ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും, ജോലികൾക്കിടയിൽ ഊറിവരുന്ന ജീവിതാനുഭവങ്ങളെ ജ്വലിക്കുന്ന വരികളിൽ കോർത്തിണക്കി എഴുതിയും ആലപിച്ചും വാട്സാപ്പിൽ സുഹൃത്തുക്കൾ ക്കയച്ചുകൊടുക്കലാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ്റെ പതിവ്. ചെറുകഥകളിലും ചെറിയ കയ്യൊപ്പു ചാർത്തിയ ഉണ്ണികൃഷ്ണൻ, സാമൂഹ്യ പ്രസക്തവും രാഷ്ട്രീയ രുചിയുമുള്ള രചന നടത്തിയിട്ടുണ്ട്.

ജീവിതമാർഗം തേടി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച ഇദ്ദേഹം കുറച്ചു കാലം കോളമെഴുത്തുകാരനായും തിളങ്ങി.

ബോംബെയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യവേയാണ് അതിനുള്ള അവസരമുണ്ടായത്. മലയാള ദിനപത്രങ്ങൾ വിരളമായി മാത്രം അന്നന്നു കിട്ടിയിരുന്ന കാലത്ത് ബോംബെയിൽ നിന്ന് പ്രസിദ്ദീകരിച്ചിരുന്ന 'കലാകൗമുദി'യിലായിരുന്നു എഴുത്ത്.

എന്നാൽ, ചൂഷണം ചെയ്യപ്പെടുന്ന മലയാളി തൊഴിലാളികളെ പറ്റി കോളമെഴുതിയതിൻ്റെ പേരിൽ ഉണ്ണികൃഷ്ണൻ്റെ ജോലി നഷ്ടമായി.

ജോലി ചെയ്യുന്ന കമ്പനിയിലെ തൊഴിൽ ചൂഷണത്തെ പറ്റിയാണ് എഴുതിയിരിക്കുന്നത് എന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് മലയാളമറിയാത്ത ഒരു മാനേജർ ഉണ്ണികൃഷ്ണൻ്റെ ഉരുളയിൽ മണ്ണിടുകയായിരുന്നു!

അതോടെ നാട്ടിലെത്തി പാലക്കാട് - തൃശൂർ -കോഴിക്കോട് ബസുകളിൽ കണ്ടക്ടർ കുപ്പായമിട്ട് ജീവിതത്തിനു നെട്ടോട്ടമോടി. ഇതിനിടയിൽ കഥാപ്രസംഗ വേദികളിൽ നിറഞ്ഞും ഉണ്ണികൃഷ്ണൻ കൈയ്യടി നേടി. പതിനെട്ട് വർഷം മുമ്പ് പത്തനംതിട്ടയിൽ നടന്ന സംസ്ഥാനതല കേരളോത്സവത്തിൽ കഥാപ്രസംഗത്തിലും കവിതാപാരായണത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഇദ്ദേഹം, 2015ൽ പാലക്കാട്ടുവെച്ചു നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിലും തൻ്റെ പ്രതിഭാധനത്വം പ്രകടിപ്പിച്ചു. ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഒട്ടേറെ കഥകൾക്ക് ശബ്ദവും ഭാവവും ആഖ്യാനവും നൽകിയ ഉണ്ണികൃഷ്ണൻ അനവധി വേദികളിൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയ പാർട്ടികൾക്കായി പാട്ടുകളെഴുതും ഉണ്ണികൃഷ്ണൻ. കക്ഷിഭേദമന്യേ പ്രമുഖരായ പല സ്ഥാനാർഥികൾക്കും മനോഹരമായ വരികളിൽ പോർമുനയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട് ഇദ്ദേഹം.

ഡോക്യുമെൻററികൾക്ക് ശബ്ദം നൽകിയും പ്രാദേശിക ചാനലുകൾക്ക് വേണ്ടി പരസ്യ നിർമാണം നടത്തിയും പ്രതിഭതെളിയിച്ച ഉണ്ണികൃഷ്ണൻ, ചമയം വേലായുധൻ്റ ശിഷ്യനായി ചിത്രകലയിലും വിസ്മയങ്ങളൊരുക്കി!

തൻ്റെ തൂലികക്ക് മതവും ജാതിയും രാഷ്ട്രീയവുമൊന്നുമില്ലെന്നും ഒരെഴുത്തുകാരൻ ഒരിക്കലും അങ്ങനെ ആവാൻ പാടില്ലന്നും പറഞ്ഞുവെക്കുന്ന ഇദ്ദേഹം, പ്രവൃത്തിപഥത്തിൽ അത് തെളിയിച്ചിട്ടുമുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം കെഎംസിസി പുറത്തിറക്കാൻ പോകുന്ന ഓഡിയോ കാവ്യശേഖത്തിന് ഉണ്ണികൃഷ്ണനാണ് വരികൾ പകരുന്നത്. നവോത്ഥാന മുന്നേറ്റങ്ങൾക്ക് നിരവധി കലാകാരന്മാരെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയക്കാർക്ക് കല പോഷിപ്പിക്കാൻ ഇപ്പോൾ സമയമില്ലന്നും അത് ആ സമൂഹത്തോട് ചെയ്യുന്ന അനീതിയാണന്നും മനസിൽ കലയുടെ കടലിരമ്പം തീർക്കുന്ന ഉണ്ണികൃഷ്ണൻ വിലപിക്കുന്നു.

ഇഷ്ടമുള്ള ഏർപ്പാട് എന്ന നിലയിൽ അഞ്ച് വർഷമായി പച്ചക്കറി ക്കച്ചവടത്തിൽ ഉറച്ചു നിൽക്കുന്ന ഇദ്ദേഹം, എടപ്പാൾ നടുവട്ടത്തെ പെട്രോൾ പമ്പിനു സമീപമുള്ള കടയിലാണ് ജോലി ചെയ്യുന്നത്. അതിരാവിലെ വന്നാൽ രാത്രി ഏറെയും വൈകിയാണ് തിരിച്ചു പോക്ക്. അറിയുന്ന ഒരുപാട് ആളുകളുമായി എന്നും സൗഹൃദം കൂടാനും തമാശകൾ പറയാനും കിട്ടുന്ന അവസരം ജീവിതത്തിൽ ഏറെ സംതൃപ്തിയുണ്ടാക്കുന്നതായി ഉണ്ണികൃഷ്ണൻ പറയുന്നു. ഭാര്യ പ്രസന്നയോടും ബിരുദത്തിന് പഠിക്കുന്ന കൃഷ്ണപ്രിയ, പ്ലസ്ടു വിദ്യാർഥിനി പ്രിയനന്ദന എന്നിവർക്കൊപ്പം ചങ്ങരംകുളത്താണിപ്പോൾ ജീവിത പ്രാരബ്ധങ്ങൾ കൊണ്ട് പ്രശസ്‌തി മൂടപ്പെട്ട ഈ കലാസാമ്രാട്ടിൻ്റെ താമസം.


റഫീക്ക് നടുവട്ടം