28 March 2024 Thursday

മേല്‍വിലാസം തെരുവോരത്ത് കഴിയുന്നവര്‍:വോട്ടര്‍ പട്ടികയില്‍ പേരുണ്ട് തെരുവോരത്ത് നിന്ന് കടവല്ലൂര്‍ പഞ്ചായത്തിലേക്ക് വോട്ട് ചെയ്യാന്‍ 6 പേര്‍

ckmnews


ചങ്ങരംകുളം:വർഷങ്ങളായി സംസ്ഥാന പാതയോരത്ത് കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കൃത്യമായ മേല്‍വിലാസം ഇല്ലെങ്കിലും വോട്ടര്‍പട്ടികയില്‍ പേരുണ്ട്.താമസം മലപ്പുറം ജില്ലയിലാണെങ്കിലും വോട്ട് ചെയ്യാന്‍ പോവേണ്ടതാവട്ടെ തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്തിലും.ദുരിത ജീവിതത്തിന് അറുതി ആയില്ലെങ്കിലും വോട്ട് ചെയ്യുമെന്ന് തെരുവിൽ കഴിയുന്ന കുടുംബങ്ങൾ  പറയുന്നു.തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയോരത്തെ ചങ്ങരംകുളം താടിപ്പടിയിൽ പുറമ്പോക്ക് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുന്ന 7 കുടുംബങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ള 6 പേരും വോട്ട് ചെയ്യുന്നത് കടവല്ലൂർ പഞ്ചായത്തിലെ 8ാം വാർഡായ ഒറ്റപ്പിലാവിൽ ആണ്.കർണാടകത്തിൽ നിന്നും 5 പതിറ്റാണ്ടുകൾക്കു മുൻപ് കുടിയേറിയവരാണ് ഇവർ. ആദ്യ കാലത്ത് കടവല്ലൂർ പഞ്ചായത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.സ്വന്തമായി മേൽവിലാസം ഇല്ലെങ്കിലും  വോട്ടർ കാർഡ് സ്വന്തമാക്കിയ ഇവർ വർഷങ്ങളായി വോട്ട് ചെയ്യുന്നുണ്ട്.നാട്ടുമ്പുറങ്ങളിൽ പണി കുറഞ്ഞതോടെ പട്ടിണിയിലായ കുടുംബങ്ങൾ പിന്നീട് കടവല്ലൂർ വിട്ടു. വാടക വീടുകളിലും കടത്തിണ്ണയിലും കഴിഞ്ഞിരുന്നവർ ഒരുമിച്ചു ചേർന്ന് ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്തായി ഷെഡ് കെട്ടി അവിടേക്കു താമസം മാറ്റുകയായിരുന്നു.തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം രാഷ്ട്രീയക്കാർ തങ്ങളെ തിരക്കി എത്താറുണ്ടെന്ന് 6 പേരിൽ ഒരാളായ കുമാർ പറഞ്ഞു.സ്വന്തമായി ഭൂമിയോ മറ്റു സർക്കാർ രേഖകളൊ ഇല്ലാത്തതിനാൽ ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല.ചേരിയിലെ വൃത്തിഹീനമായ സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുപ്പതോളം പേർ ഇപ്പോൾ താമസിക്കുന്നുണ്ട്.തങ്ങൾക്കും നല്ല നിലയിൽ ജീവിക്കാൻ അവസരം വേണമെന്ന് അവർ പറയുന്നു. വോട്ട് ചെയ്യിക്കാൻ കൊണ്ടു പോകുന്നവർ സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കാനും സഹായിക്കണം.ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി തങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.