19 April 2024 Friday

ഒമാന്‍-യുഎഇ അതിര്‍ത്തി തുറന്നു; സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര ചെയ്യാം

ckmnews

മസ്‌കത്ത് ∙ ഒമാന്‍ - യുഎഇ കര അതിര്‍ത്തി തുറന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് യാത്ര ചെയ്യാനാകുമെന്നും ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. രാജ്യത്ത് 40 ശതമാനം ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുമെന്നും മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവര്‍, ചെക്ക്‌പോയിന്റ് ജീവനക്കാര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സീന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കും.  ഈ ദിവസം വരെ ഏതെങ്കിലും കോവിഡ് വാക്‌സീനുകള്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തിട്ടില്ല. കോവിഡ് വാക്‌സീന്‍ ലഭ്യമാക്കുന്നതിന് വിവിധ കമ്പനികളുമായി ധാരണയില്‍ എത്തിയതായും മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു.

ഒമാനില്‍ കോവിഡ് കേസുകളില്‍ തുര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. എന്നാല്‍, ജാഗ്രതയും മുന്‍കരുതലും കൈവിടരുത്. രാജ്യത്ത് എത്തുന്നവരുടെ ക്വാറന്റീൻ കാലം മെഡിക്കല്‍ അവധിയായി പരിഗണിക്കില്ലെന്നും മന്ത്രി പറഞ്ഞു. 
മൂന്നാംഘട്ട നാഷനല്‍ സര്‍വേ പ്രകാരം രാജ്യത്തെ സാമൂഹിക വ്യാപന നിരക്ക് 15 ശതമാനം ആണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സൈഫ് ബിന്‍ സാലിം അല്‍ അബ്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു