28 March 2024 Thursday

മാഗസിൻ മത്സര വിജയികൾക്ക് അവാർഡ് ദാനം നടത്തി

ckmnews

മാഗസിൻ മത്സര വിജയികൾക്ക് അവാർഡ് ദാനം നടത്തി


ആനക്കര: തിരുനബി അനുപമ വ്യക്തിത്വം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ ഭാഗമായി ചേക്കോട്  യൂണിറ്റ് എസ്എസ്എഫ് സംഘടിപ്പിച്ച നബിയോർമ്മ ഫാമിലി കയ്യെഴുത്ത് മാഗസിൻ മത്സരവിജയികൾക്ക് അവാർഡ് ദാനം നടത്തി. പ്രവാചക ജീവിതത്തിന്റെ നാനാ വശങ്ങളിലേക്കും വെളിച്ചം വീശുന്ന ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തി നിർദ്ദിഷ്ട നിബന്ധനകൾ പാലിച്ച് മത്സരത്തിന് സമർപ്പിക്കപ്പെട്ട 44 മാഗസിനുകളിൽ നിന്ന് മികച്ച ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ബദറുത്തമാം, മരുനിലാവ്, രീഹുത്വയ്‌ബ  എന്നീ മാഗാസിനുകൾക്കാണ് അവാർഡ് നൽകിയത്. പൂർണ്ണമായും മൗലികവും കൈക്രിയകൾ കൊണ്ടുണ്ടാക്കിയ തുമായ മാഗസിനുകൾ മേത്തരം ആനുകാലികങ്ങളോട് കിട പിടിക്കും വിധം മികവു പുലർത്തിയതായി വിധി നിർണ്ണേതാക്കൾ വിലയിരുത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച മാഗസിനുകൾക്ക് യഥാക്രമം അരപ്പവൻ, കാപ്പവൻ, ഒരു ഗ്രാം സ്വർണ്ണവും പ്രശസ്തി ഫലകവുമാണ് നൽകിയത്.

 എവി കുഞ്ഞിപ്പ ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി അവാർഡ് ദാനവും ഉദ്ഘാടനവും നടത്തി. അശ്റഫ് അഹ്സനി ആനക്കര, ഇല്യാസ് കെപി, സിറാജ് ആനക്കര സംസാരിച്ചു. കെപി കുഞ്ഞാപ്പ ഹാജി, മൊയ്തീൻ ഹാജി, കെ പി ഉണ്ണി ഹാജി, കെപി മുഹമ്മദ് മുസ്ലിയാർ, ഖാലിദ്  ബാഖവി, ശിഹാബ് സഖാഫി, സാലിം സഖാഫി, സാബിർ സഖാഫി, ഷബീർ നുസ് രി, പികെ ഖാദർ, എംവി ഇസ്ഹാഖ്, പികെ ഷാഫി, ശരീഫ് മുസ്ല്യാർ സംബന്ധിച്ചു.

(മുഹമ്മദലി ഗോഖലെ)