25 April 2024 Thursday

മലപ്പുറം ജില്ലക്ക് 1.13 കോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി

ckmnews

മലപ്പുറം ജില്ലക്ക് 1.13 കോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി



മലപ്പുറം:ജില്ലയ്ക്ക് 1.13 കോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി സ്ഥാപനങ്ങളും സംഘടനകളും.ഐ.എസ്.ആര്‍.ഒ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍, എയര്‍ ഇന്ത്യ എക്സ്പ്രസ്, അജ്ഫാന്‍ ഗ്രൂപ്പ്,കെ.എം.സി.സി എന്നിവരാണ് ഉപകരണങ്ങള്‍ നല്‍കിയത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി സ്ഥാപനങ്ങളും സംഘടനകളും. ഒരു കോടിയിലധികം രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍, അജ്ഫാന്‍ ഗ്രൂപ്പ്, കെ.എം.സി.സി എന്നിവര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. കോവിഡ് രോഗികള്‍ക്കുള്ള വെന്റിലേറ്ററുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ഐ.സി.യു ബെഡുകള്‍ ഉള്‍പ്പടെ 1.13 കോടിയുടെ ഉപകരണങ്ങളാണ്  ഇന്ന് ഏറ്റുവാങ്ങിയത്.


രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒയുടെ ഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ 75 ലക്ഷത്തോളം രൂപ ചെലവില്‍ 10 വെന്റിലേറ്ററുകളാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ്  ഐ.എസ്.ആര്‍.ഒയുടെ ഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍   സി.എസ്.ആര്‍ ഫണ്ടില്‍ ഉപയോഗിച്ച്  ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.


കരിപ്പൂർ വിമാനപടകത്തെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെലുകള്‍ക്കുള്ള നന്ദി സൂചകമായും ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പരിഗണിച്ചുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ഒരു വിഹിതം ജില്ലാ ഭരണകൂടത്തിനായി മാറ്റിവെച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് 24.75 ലക്ഷത്തോളം രൂപയുടെ  പള്‍സ് ഓക്‌സി മീറ്ററുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജില്ലയ്‍ക്ക്  നല്‍കിയത്.


എയര്‍ ഇന്ത്യ എക്സ്പ്രസ്, ഐ.എസ്.ആര്‍.ഒ എന്നിവയെ കൂടാതെ പ്രമുഖ കമ്പനിയായ അജ്ഫാന്‍ ഗ്രൂപ്പും സന്നദ്ധ സംഘടനയായ കെ.എം.സി.സിയും  ഐ.സി.യു ബെഡുകൾകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയിട്ടുണ്ട്


ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ  പിന്തുണയറിയിച്ച്   സഹായ സന്നദ്ധനായി മുന്നോട്ട് വന്ന  അജ്ഫാന്‍ ഗ്രൂപ്പ്   ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി, ജില്ലാ ഭരണകൂടം അറിയിച്ചതിനനുസരിച്ച് 11 ലക്ഷം രൂപയുടെ 30 ഐ.സി.യു ബെഡുകളാണ് ഇന്ന്  ജില്ലാകലക്ടര്‍ക്ക് കൈമാറിയത്.


സന്നദ്ധ സംഘടനയായ അബുദാബി കെ.എം.സി.സി ജില്ലക്കായി നല്‍കിയ രണ്ട് ലക്ഷം രൂപ വില വരുന്ന ആറ് ഐ.സി.യു ബെഡുകള്‍ അബൂദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങല്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.


കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയ്ക്ക് കരുത്തേകി ജീവന്‍ രക്ഷാ ഉപാധികള്‍ നല്‍കാന്‍ സഹായ സന്നദ്ധരായി മുന്നോട്ട് വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിനും, ഐ.എസ്.ആര്‍.ഒ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും, അജ്ഫാന്‍ ഗ്രൂപ്പ്   ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടിക്കും, അബുദാബി കെ.എം.സി.സി ക്കും നന്ദി അറിയിക്കുന്നു.


കലക്ട്രേറ്റില്‍ ലഭിച്ച ഉകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമയി കൂടിയാലോചിച്ച്  എത്രയും പെട്ടെന്ന് ആവശ്യക്കാരിലെത്തിക്കുന്നതിന് തീരുമാനിച്ചു. ഐ. സി.യു.ബെഡുകൾ തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, വേങ്ങര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും വെന്റിലേറ്ററുകളും പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക്  കൈമാറുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.


കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ സബ്കലക്ടര്‍  കെ.എസ്. അഞ്ജു , അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എം പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ പി റഷീദ് ബാബു എന്നിവർ പങ്കെടുത്തു.