19 April 2024 Friday

മിൽമ മലബാർ മേഖലയിൽ ഇന്ന് പാൽ സംഭരിച്ചു.

ckmnews



ഇന്നലെ തമിഴ്‌നാട് സർക്കാറുമായി നടത്തിയ ചർച്ചയിൽ ധാരണയായതോടെയാണ് ഇന്ന് സംഭരണം നടന്നത് 



മലപ്പുറം: കൊറോണ ഭീതിയിൽ തമിഴ്‌നാട് കേരളത്തിൽ നിന്നുള്ള പാലിന് തടയിട്ടതോടെയാണ് സംസ്ഥാനത്ത് ക്ഷീരകർഷകർ പ്രതിസന്ധിയിലായത്. കറന്നെടുത്ത പാൽ ഒഴുക്കി കളഞ്ഞുള്ള കർഷകരുടെ പ്രതിഷേധം അമ്പരിപ്പിക്കുന്നതും ആശങ്കയിലാഴ്ത്തുന്നതുമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും തമിഴ്‌നാട് സർക്കാരറുമായി നടത്തിയ ഇടപെടലുകളെ തുടർന്ന് തമിഴ്‌നാട് മുൻ നിലപാടിൽ അയവ് വരുത്തി. തമിഴ്‌നാട് ക്ഷീര ഫെഡറേഷൻ അൻപതിനായിരം ലിറ്റർ പാൽ വാങ്ങാമെന്ന് സമ്മതിച്ചതോടെയാണ് താല്ക്കാലിക പരിഹാരമായത്. ആന്ധ്രയിലെ ഗുണ്ടൂരിലേക്കും പാൽ അയക്കാൻ ധാരണയായിട്ടുണ്ട്. കൺസ്യൂമർ ഫെഡ് വഴിയും വില്പന നടത്തും. കർഷകരെ സഹായിക്കുന്നതിനായി കൂടുതൽ പാൽ വാങ്ങാൻ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. മിച്ചം വരുന്ന പാൽ അംഗനവാടികളിലൂടെയും അതിഥി തൊഴിലാളികൾക്കും വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചു. ഇതോടെ ക്ഷീര കർഷകരുടെ എഴുപത് ശതമാനം പാൽ ശേഖരിക്കാൻ മിൽമ മലബാർ മേഖലയും തയ്യാറായി. രാവിലെയുള്ള പാൽ മാത്രമാകും ഇത്തരത്തിൽ ശേഖരിക്കുക. 6 ലക്ഷം ലിറ്റർ പാലാണ്  മിൽമ നിത്യേന മലബാർ മേഖലയിൽ നിന്നും സംഭരിച്ചിരുന്നത്. ആവശ്യം പകുതിയിൽ ഒതുങ്ങിയതോടെ പാൽ ശേഖരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. രണ്ട് ലക്ഷം ലിറ്റർ പാൽ ഉല്പന്നമാക്കി മാറ്റിയിരുന്നതാണ് തമിഴ്‌നാട് പാൽ വേണ്ടന്ന് വെച്ചതോടെ നിലച്ചത്. പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ സംസ്ഥാനത്ത് പാൽപൊടി ഫാക്ടറി തുടങ്ങുന്നതിന്റെ ആലോചനകളും സജീവമായി. സർക്കാറിന്റെ ഇടപെടലിൽ ഭാഗികമായെങ്കിലും പ്രശ്‌നം പരിഹരിച്ചത് പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലത്ത് ക്ഷീരകർഷകർക്ക് ആശ്വാസമാകുകയാണ്.