29 March 2024 Friday

മിടുക്കിപ്പെണ്ണ് ലിയ. കൈയ്യടിച്ച് സോഷ്യൽ മീഡിയ

ckmnews

മിടുക്കിപ്പെണ്ണ് ലിയ. കൈയ്യടിച്ച് സോഷ്യൽ മീഡിയ


എടപ്പാൾ:പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർഗ്ഗസമാഹാരത്തിൽ തൻറെ ലേഖനം അച്ചടിച്ചുവന്നതിൻറെ ആവേശത്തിലാണ് വിദ്യാർഥിയായ ലിയ ഫാത്തിമ. പതിനായിരക്കണക്കിന് സൃഷ്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിൽ മാത്രമല്ല, ലേഖനവിഭാഗത്തിൽ അത് ആദ്യത്തേതായി ചേർത്തതിൻ്റെയും അതിയായ സന്തോഷത്തിലാണ് ഈ പത്താംക്ലാസുകാരി! കേരള സർക്കാറിന് കീഴിലുള്ള എസ് സി ഇ ആർ ടി പ്രസിദ്ധീകരിച്ച "അക്ഷരവൃക്ഷം'' പതിപ്പിൽ പൊന്നാനി എ വി ഹൈസ്കൂളിലെ ലിയഫാത്തിമയുടെ അഞ്ച് പേജുള്ള ലേഖനവും (കൊറോണയും സാമൂഹിക പാരിസ്ഥിതിക മാറ്റങ്ങളും) ഉൾപ്പെട്ടത് സ്കൂളിന് മാത്രമല്ല, ഉപജില്ലക്കും അഭിമാനമായി. ലോക്ഡൗൺ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിച്ച കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ രചനാ പ്രവർത്തനമായിരുന്നു 'അക്ഷരവൃക്ഷം' പദ്ധതി.

വിദ്യാർഥികളുടെ സർഗശേഷിയെ ഉണർത്തി അവരുടെ സൃഷ്ടികൾക്ക് ഉചിതമായ ഒരു ഇടം നൽകാനും അതുവഴി പൊതുവിദ്യാലയത്തിൻ്റെ മേന്മയും മുന്നേറ്റങ്ങളും പൊതുജനങ്ങളിലേയ്ക്കെത്തിക്കാനുമായി സർക്കാർ ആവിഷ്കരിച്ചതായിരുന്നു ഇത്. 


കഥ, കവിത, ലേഖനം വിഭാഗങ്ങളിലായി അരലക്ഷത്തിൽപരം രചനകളാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി സ്കൂൾ വിക്കിയിലൂടെ അപ്‌ലോഡ് ചെയ്യപ്പെട്ട് എത്തിയത്.  ഇതിൽനിന്നും പൊതുവിദ്യാഭ്യാസവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതിയാണ് ലിയ ഫാത്തിമ ഉൾപ്പെടെയുള്ളവരുടെ മികച്ച രചനകൾ തിരഞ്ഞെടുത്തത്. 

മാറഞ്ചേരി ഗവ. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപകനായ സി വി ഇബ്രാഹീംകുട്ടി മാസ്റ്ററുടേയും പൊന്നാനി എം ഐ യു പി സ്കൂൾ അധ്യാപികയായ നസീമയുടെയും പുത്രിയാണ് ലിയ.


പഠനത്തോടൊപ്പം പുറംവായനയേയും കൂടെക്കൂട്ടുന്ന ഈ മിടുക്കി മുമ്പും സർഗ്ഗരചനകളിൽ ഏർപ്പെട്ടിട്ടുണ്ട്. മദ്രസാ വിദ്യാർഥിയായിരിക്കേ തുടർച്ചയായി പ്രബന്ധങ്ങൾ ചെയ്തും സ്കൂളിലെ വിവിധ ക്ലബ്ബുകൾക്കു കീഴിൽ ലേഖനമത്സരങ്ങളിൽ പങ്കെടുത്തുമാണ് എഴുത്തിനെ വശപ്പെടുത്തിയത്.

ലേഖനത്തിൽ മാത്രമല്ല കഥ, കവിതകളിലും തൂലിക ചലിപ്പിച്ച ലിയ, സ്കൂൾ സബ്ജില്ലാ തലങ്ങളിലും വിവിധ സംഘടനകളും ലൈബ്രറികളും നടത്തിയ മത്സരങ്ങളിലും സാന്നിധ്യമറിയിച്ച് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലിയ എഴുത്തിലേക്ക് പിച്ചവെച്ചത്. 

ഉപ്പ വാങ്ങിച്ചു നൽകിയ ഒരു ഡയറിയിലായിരുന്നു തുടക്കം. ദിവസവും എഴുതാൻ പ്രേരിപ്പിച്ച പിതാവിൻ്റെയും കുറിപ്പുകൾ കണ്ടു പ്രചോദിപ്പിച്ച ക്ലാസ്അധ്യാപകരുടെയും പ്രോത്സാഹനങ്ങളും സമ്മാനങ്ങളും തൻറെ കഴിവിനെ തൊട്ടുണർത്തി എന്ന് ഈ കൊച്ചു എഴുത്തുകാരി പറയുന്നു. 

കൈയിൽ കിട്ടുന്നതൊക്കെ വായിക്കാൻ സ്വയം കണ്ടെത്തിയ സമയക്രമീകരണമാണ് എഴുത്തിനെ സഹായിക്കുന്നതെന്ന് സ്വന്തം അനുഭവത്തിൽ ഈ വിദ്യാർഥി സാക്ഷ്യപ്പെടുത്തുന്നു. 

ലോക്ഡൗൺ കാലം ഒരുപാട് കാര്യങ്ങളുടെ കണ്ടെത്തലുകൾക്ക് സഹായകമായി എന്നും ചെറുപ്പം തൊട്ടു ശീലിച്ച ദിനപത്രവായനയും അതിലെ എഡിറ്റോറിയൽ ഇഷ്ടങ്ങളും ഏറെ ഗുണകരമായിത്തീർന്നിട്ടുണ്ടന്നും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന അനവധി പേരുടെ അഭിനന്ദനങ്ങൾ തുടർന്നും എഴുതാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും ലിയ പറയുന്നു. ബിയ്യം സെൻ്ററിന് സമീപം താമസിക്കുന്ന ലിയ ഫാത്തിമയ്ക്ക് മുഹമ്മദ്, ലിബ ഫാത്തിമ എന്നീ അനുജനും അനുജത്തിയുമുണ്ട്.


റിപ്പോർട്ട്:റഫീഖ് നടുവട്ടം