17 July 2024 Wednesday

അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ ഇന്നു തന്നെ പുനഃസ്ഥാപിക്കും അജ്മലിന്റെ മാതാവ് നല്‍കിയ പരാതിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

ckmnews

അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ ഇന്നു തന്നെ പുനഃസ്ഥാപിക്കും


അജ്മലിന്റെ മാതാവ് നല്‍കിയ പരാതിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്


കോഴിക്കോട്∙കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രതി അജ്‍മലിന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്നു തന്നെ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി താമരശേരി തഹസിൽദാർ.കെഎസ്ഇബി ഉദ്യോഗസ്ഥരും അജ്മലിന്റെ കുടുംബവുമായി തഹസിൽദാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.തഹസിൽദാറും സംഘവും വീട്ടിൽനിന്നും മടങ്ങി. അതേസമയം അജ്മലിന്റെ മാതാവ് മറിയം നൽകിയ പരാതിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരായ അനന്തു, പ്രകാശ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്.


ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി കെഎസ്ഇബിയ്ക്ക് നിർദ്ദേശം ന‍ൽകിയിരുന്നു. ആക്രമിക്കില്ലെന്ന ഉറപ്പ് ലഭ്യമാക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് താമരശേരി തഹസിൽദാരെ തിരുവമ്പാടിയിലേക്ക് അയച്ചത്. എന്നാൽ തഹസിൽദാർ നൽകിയ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ കുടുംബം തയാറായിരുന്നില്ല. ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നതടക്കമുള്ള പരാമർശങ്ങൾ സത്യവാങ്മൂലത്തിലുണ്ടായിരുന്നു


കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ തയാറാണെന്നു ചെയർമാൻ വ്യക്തമാക്കിയിരുന്നു. ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോവുകയും ഇവരിൽ നിന്നും കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തിരുവമ്പാടി കെഎസ്ഇബി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.