17 July 2024 Wednesday

സിഐടിയു അക്രമം ഭയന്ന് ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി എടപ്പാളില്‍ കെട്ടിടത്തില്‍ നിന്ന് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം:സിഐടിയു തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു

ckmnews

സിഐടിയു അക്രമം ഭയന്ന് ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി


എടപ്പാളില്‍ കെട്ടിടത്തില്‍ നിന്ന് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം:സിഐടിയു തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു


എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്‍റെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തിൽ പത്തോളം സിഐടിയു തൊഴിലാളികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എടപ്പാള്‍ ടൗണിലെ പത്തോളം സിഐടിയു തൊഴിലാളികള്‍ക്കെതിരെയാണ് കേസെടുത്തത്.എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി. വിവരം അറിഞ്ഞെത്തിയ സിഐടിയു തൊഴിലാളികള്‍ അക്രമിക്കാന്‍ ശ്രമിച്ചതോടെ തൊഴിലാളികള്‍ ചിതറിയോടി.ഇതിനിടയില്‍ രക്ഷപ്പെടാന്‍ പത്തനാപുരം സ്വദേശി ഫയാസ്  ഷാജഹാന്‍ കെട്ടിടത്തിന് മുകളിലേക്ക് ഓടി. പിന്തുടര്‍ന്ന് എത്തിയ സിഐടിയുകാരന്‍ അക്രമിക്കുമെന്ന് ഉറപ്പായതതോടെ ഷാജഹാന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു ഉയരം കുറഞ്ഞ കെട്ടിടത്തിലേക്ക് ചാടുകയായിരുന്നു.വീഴ്ചയില്‍ ഫയാസിന്‍റെ രണ്ട് കാലുകളും ഒടിയുകയായിരുന്നു. 


പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴാണ് ഫയാസിന്റെ കാലുകളൊടിഞ്ഞതെന്നും മദ്യപിച്ച് എത്തിയ സംഘമാണ് മർദിച്ചതെന്നും സുരേഷ് വിശദമാക്കി. രണ്ട് കാലുകളും ഒടിഞ്ഞ ഫയാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.'സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലിയെന്നും സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതിനാണ് സിഐടിയുക്കാർ വളഞ്ഞിട്ട് തല്ലിയതെന്നും ആരോപണമുണ്ട്. രാത്രി സിഐടിയുക്കാർ ഇല്ലാത്തത് കാരണമാണ് സ്വന്തം പണിക്കാരെ വെച്ച് ലോഡിറക്കിയതെന്നും. ആവശ്യമുള്ള പണം തരാമെന്ന് പറഞ്ഞിട്ടും ഇവർ മർദനം തുടർന്നതായും സുരേഷ് പറഞ്ഞു.