29 March 2024 Friday

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം.എല്‍.എ എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തു

ckmnews

 ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തു. 420,34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ഖമറുദീനെതിരെ ഉയരുന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് ഖമറുദീനെ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജ്വല്ലറിയുടെ ആസ്‌തികള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 80 ഓളം പേരെ ഇതിനോടകം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. നിക്ഷേപകര്‍ പണം തിരിച്ചു കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.