20 May 2024 Monday

ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകളിൽ ഗതാഗതം താറുമാറായി എടപ്പാളിൽ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു

ckmnews

ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകളിൽ ഗതാഗതം താറുമാറായി


എടപ്പാളിൽ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു


എടപ്പാൾ:ജലജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പുനർനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് എം എ .നജീബിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചു.ജല അതോറിറ്റി എടപ്പാൾ ഡിവിഷൻ ഓഫീസിൽ എത്തിയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് അസിസ്റ്റന്റ് എൻജിനീയറെ ഉപരോധിച്ചത്. അടുത്ത മാസം ഒന്നാം തീയതിക്കകം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് എൻജിനീയർ ഉറപ്പു നൽകിയതോടെയാണ് മുക്കാൽ മണിക്കൂർ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.വട്ടംകുളം പഞ്ചായത്തിലെ 19 വാർഡുകളിലും ജലജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചിരുന്നു. മഴ പെയ്തതോടെ പൊളിച്ച് മണ്ണിട്ട് മൂടിയ റോഡ് മുഴുവൻ ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ ദുരിതപൂർവ്വമായി മാറുകയായിരുന്നു.ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മെമ്പർമാരും യു.ഡി.എഫ് നേതാക്കളും ഉപരോധ സമരവുമായി രംഗത്ത് ഇറങ്ങിയത്.പഞ്ചായത്തിലെ എല്ലാ മേഖലകളിലും കുടിവെള്ളം ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു കൊണ്ടിരിക്കുമ്പോഴും കുടിവെള്ളത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ചു ഭരണ സമിതിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥർ അകപ്പെടുരുതെന്നും സമരക്കാർ ഓർമ്മപ്പെടുത്തി .വൈസ് പ്രസിഡണ്ട് ഫസീല സജീബ്, അംഗങ്ങളായ മജീദ് കഴുങ്കിൽ,അക്ബർ  പനച്ചിക്കൽ ,ദീപ മണികണ്ഠൻ,ഹസൈനാർ നെല്ലിശ്ശേരി, ശാന്തമാധവൻ, ഹാജറ മുതുമുറ്റത്ത്,യു.ഡി.എഫ് നേതാക്കളായ ഇബ്രാഹിം മൂതൂർ ,ഭാസ്കരൻ വട്ടംകുളം, പത്തിൽ അഷറഫ്, എൻ വി അഷറഫ് തുടങ്ങിയവർ ഉപരോധസമരത്തിൽ പങ്കെടുത്തു.