20 May 2024 Monday

കുടകിലെ വിദ്യാര്‍ഥിനിയുടെ കൊല; പ്രതി അറസ്റ്റില്‍, അറുത്തെടുത്ത തല കണ്ടെടുത്തു പ്രതി പിടിയിലായത് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാര്‍ഥിനിയുടെ വീടിനുസമീപത്തുനിന്ന്

ckmnews

കുടകിലെ വിദ്യാര്‍ഥിനിയുടെ കൊല; പ്രതി അറസ്റ്റില്‍, അറുത്തെടുത്ത തല കണ്ടെടുത്തു


പ്രതി പിടിയിലായത് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാര്‍ഥിനിയുടെ വീടിനുസമീപത്തുനിന്ന്


മടിക്കേരി: കുടകിലെ സോമവാർപേട്ടയിൽ 16-കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ പെൺകുട്ടിയെയാണ് തലയറുത്ത് കൊന്നത്. കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെ പോലീസ് അറസ്റ്റുചെയ്തു.


പ്രതിക്കൊപ്പം പരിശോധന നടത്തിയ പോലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റർ അകലെ കുറ്റിക്കാട്ടിൽനിന്ന് അറുത്തെടുത്ത തല കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് വെടിയുണ്ട നിറച്ച ഒറ്റക്കുഴൽ തോക്ക് സഹിതം വിദ്യാർഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ വനിതാ ശിശുക്ഷേമ വകുപ്പിൽ ആരോ പരാതി നൽകിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാൽ വിവാഹം മുടങ്ങി. വിവാഹം മുടക്കിയത് പെൺകുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയിൽ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ ശനിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.


അതിനാൽത്തന്നെ പ്രതി വീണ്ടും ഇവിടെയെത്തി പെൺകുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് ശനിയാഴ്ച പുലർച്ചെയോടെ പിടികൂടിയത്.


പ്രതി തൂങ്ങിമരിച്ചെന്ന നിലയിൽ ദ്യശ്യമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വാർത്ത പരന്നതും പോലീസ് ഇത് നിഷേധിക്കാതിരുന്നതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പ്രതിയുടെ വീടിനുസമീപം കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് മറ്റൊരാളാണെന്നും സ്ഥിരീകരിച്ചു. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു