25 April 2024 Thursday

കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു.

ckmnews

കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു.


പൊന്നാനി: നഗരസഭ പരിധിയിലെ ഭിന്നശേഷിയുള്ള  കുട്ടികൾക്കാവശ്യമായ എല്ലാ തെറാപ്പി സംവിധാനങ്ങളും സമഗ്രമായി ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. ശൈശവ കാലം മുതൽ തന്നെ ഇത്തരം കുട്ടികളെ കണ്ടെത്തി തെറാപ്പികളിലൂടെ മാറ്റി എടുക്കുന്നതിന് കഴിഞ്ഞ രണ്ട് വർഷം മുമ്പ് തന്നെ നഗരസഭ അനുയാത്ര പദ്ധതി തുടങ്ങിയിരുന്നു. ഇതിൻ്റെ വിപുലീകരണമായാണ്  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.ഡി.എം.ആർ.പി യുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്റർ പൊന്നാനിയുടെയും സഹകരണത്തോടെയാണ്   സെന്റർ പ്രവർത്തനമാരംഭിച്ചത്. 


ഒരു  മൾട്ടിഡിസിപ്ലിനറി റീഹാബിലിറ്റേഷൻ സെന്റർ ആയിട്ടാണ് ഇത് പ്രവർത്തിക്കുക.  ഫിസിയോതെറാപ്പി, സ്പീച് തെറാപ്പി, സൈക്കോളജിക്കൽ കൗൺസിലിങ്, സ്പെഷ്യൽ എഡ്യൂക്കേഷൻ എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഇവിടെ ലഭ്യമാകും. നിലവിൽ ഇത്തരം ആവശ്യങ്ങൾക്കുവേണ്ടി മറ്റു നഗരങ്ങളിലേക്കും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.ഡി.എം.ആർ.പി യിലേക്കും പോകുന്നത് ഇതുവഴി ഒഴിവാക്കാൻ സാധിക്കും. 


കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.ഡി.എം.ആർ.പിയുടെ മേൽനോട്ടത്തിലായിരിക്കും  സെന്റർ പ്രവർത്തിക്കുക.  ഇത്തരം സേവനങ്ങൾ നല്കാൻ കഴിയുന്ന വിദഗ്ദരായവരുടെ സഹായം ലഭ്യമാകും. 


പൊന്നാനിയിൽ ഇത്തരം കുട്ടികളിൽ അധികപേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ളവരായതിനാൽ,  അവർക്കാവശ്യമായ ചികിത്സാസൗകര്യങ്ങൾ വളരെ വിരളമായേ ലഭിക്കാറുള്ളൂ. പൊന്നാനി നഗരസഭയിൽ തുടങ്ങിയ  സെന്റർ ഇതിനൊരു പരിഹാരമായിരിക്കും. ഇത്തരം കുട്ടികൾക്ക് സ്വന്തമായി ജീവിക്കാനും ചെറിയ തൊഴിലെടുക്കാനുള്ള പരിശീലിനവും സെൻറർ  വഴി നൽകും. 


സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. 

ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എ.കെ. ജബ്ബാർ, ഇക്ബാൽ മഞ്ചേരി, നഗരസഭാ സെക്രട്ടറി ആർ. പ്രദീപ്, ഡോ.ഷാജ്കുമാർ, ഡോ. സന്ദീപ്, ഡോ. കെ.എസ്ഷമീർ, ജസീല എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വിനീത സ്വാഗതവും പി.ടി സജീർ നന്ദിയും പറഞ്ഞു.