19 April 2024 Friday

അമിത്‌ഷായുടെ ക്ഷണം തിരസ്‌കരിച്ച ഒരാളാണ് ‌ഞാന്‍; തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നടന്‍ ദേവന്‍ !!

ckmnews

മലയാളസിനിമയിലെ സുന്ദരനായ വില്ലന്‍ നടന്‍ ദേവന്‍ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്. എന്നാല്‍ ബിജെപിയിലേക്ക് ഉള്ള ക്ഷണം താന്‍ നിരസിച്ചുവെന്നു ദേവന്‍ തുറന്നു പറയുന്നു. അമിത് ഷായെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം ക്ഷണിച്ചു. ഇല്ലാന്ന് ഞാന്‍ പറഞ്ഞു. അമിത്‌ഷായുടെ ക്ഷണം തിരസ്‌കരിച്ച ഒരാളാണ് ‌ഞാന്‍. കോണ്‍ഗ്രസും എന്നെ ക്ഷണിച്ചു. അതും ഞാന്‍ നിരസിച്ചു.' ദേവന്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ സ്വന്തം നാടായ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ദേവന്‍ മത്സരിക്കും. ഒരു മുന്നണികളുടെയും പിന്തുണ സ്വീകരിക്കാതെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിലാകും മത്സരിക്കുകയെന്ന് ദേവന്‍ പറയുന്നു

തന്റെ രാഷ്ട്രീയ നിലപാടുകളെ ക്കുറിച്ചു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞതിങ്ങനെ ..' സിനിമാക്കാര്‍ക്കിടയില്‍ ഒരുപാട് രാഷ്ട്രീയക്കാരുണ്ട്.. ഞാനും അവരും തമ്മില്‍ വ്യത്യാസമുണ്ട്. അവരൊക്കെ സിനിമാക്കാരായ ശേഷം ഏതെങ്കിലും അറിയപ്പെടുന്ന പാര്‍ട്ടിയില്‍ പോയി ചേര്‍ന്നവരാണ്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്ബ് തന്നെ രാഷ്ട്രീയത്തിലുണ്ടായിരുന്നു.

മാത്രമല്ല ഞാനായിട്ട് ഒറ്റയ്‌ക്കൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ ആളാണ്. ആശയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അവര്‍ സെയ്‌ഫ് ഗെയിമാണ് കളിച്ചത്. ഞാനാകട്ടെ ഹൈ റിസ്‌ക്കാണ് ഏറ്റെടുത്തിരിക്കുന്നത്.'