24 April 2024 Wednesday

പൊന്നാനി നഗരസഭയില്‍ 8.13 കോടിയുടെ നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിന് അംഗീകാരം

ckmnews

പൊന്നാനി നഗരസഭ സമർപ്പിച്ച 8.13 കോടി രൂപയുടെ നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിന് അംഗീകാരം.


പൊന്നാനി: തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കായി പൊന്നാനി നഗരസഭ  സമർപ്പിച്ച 81357000 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിന് അംഗീകാരമായി. നഗരസഭാ പ്രദേശത്തെ മാലിന്യ സംസ്കരണം, കാർഷിക, മൃഗ, ജല സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സമിതി അംഗീകാരം നൽകിയത്. ക്ഷീര കർഷകർക്ക് തൊഴിൽ നൽകുന്നതിനും, തൊഴുത്ത് നിർമ്മാണത്തിനും വീടുകളിൽ മലിന ജല പരിപാലനത്തിനായി സോഫ്റ്റ് പിറ്റ് നിർമിക്കുന്നതിനുമായി 7000000 രൂപയക്കാണ് അംഗീകാരം ലഭിച്ചത്.


 കമ്പോസ്റ്റ് കുഴി, പി.എം.എ.വൈ - ലൈഫ് ഭവനങ്ങൾക്ക് തൊഴിൽ വിഹിതം, മരം നട്ട് പിടിപ്പിക്കൽ, കാന നിർമ്മാണവും ശുചീകരണവും, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ കാർഷികവൃത്തികൾ തുടങ്ങിയവയ്ക്കാണ്  കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കൗൺസിൽ അംഗീകാരം നൽകിയത്. പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി അറിയിച്ചു.


നിലവിലെ ഭരണ സമിതി വന്നതിൽ ശേഷമാണ് പൊന്നാനി നഗരസഭയിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാളിതുവരെ 133432 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് വഴി 33257500 രൂപ കൂലി ഇനത്തിൽ നൽകി കഴിഞ്ഞു. തൊഴിലുറപ്പ് മേഖലയിലെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക അനുമോദനം ലഭിച്ച നഗരസഭ കൂടിയാണ് പൊന്നാനി.