18 April 2024 Thursday

'ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം'; കേന്ദ്രവനംമന്ത്രി വയനാട്ടില്‍

ckmnews



വന്യമൃഗ ഭീഷണി നേരിടാൻ സംസ്ഥാന സർക്കാർ വേഗത്തിലുള്ള നടപടികളെടുക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്. മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുന്നതടക്കമുള്ള നടപടികളെടുക്കാൻ സംസ്ഥാനത്തിന് തന്നെ അധികാരമുണ്ട്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്.


വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന 10 ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്നും മന്ത്രി വിശദീകരിച്ചു. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

2022 -23 വർഷത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 15.82 കോടി നൽകിയെന്നും മന്ത്രി പറഞ്ഞു. മനുഷ്യ- മൃഗ സംഘർഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിന് ചുമതല നൽകും.അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നൽകാൻ സംവിധാനം വേണം. കേരള - കർണാടക - തമിഴ്നാട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആനത്താരകൾ അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം വയനാട്ടിലെത്തിയ കേന്ദ്രവനംമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കലക്ടറേറ്റിന് മുന്നില്‍ വെച്ച് കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ എസ് യു പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ എസ് യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരാണ് അറസ്റ്റിലായത്.