03 March 2024 Sunday

സംസ്ഥാനത്തെ റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ckmnews



തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തോരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘കേരളത്തിൽ ഇത് നടപ്പാക്കാന്‍ വിഷമമാണെന്ന് കേന്ദ്രത്തെ അറിയിക്കും. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനെ ഇത് അറിയിക്കാന്‍ പറ്റില്ലെയെന്നതും പരിശോധിക്കും’- പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞു.


റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ പറ്റുമോയെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടിയാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തീര്‍ച്ചയായും ഇതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുളളതാണ്. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് ശരിയല്ലെന്ന് കേന്ദ്രസര്‍ക്കാരിനെ തന്നെ അറിയിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഭക്ഷ്യ ധാന്യ വിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകളും സെൽഫി പോയിന്‍റും ഒരുക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് കർശന നിർദേശം നൽകിയത്. ബാനറുകളും സെൽഫി പോയിന്‍റ് ബോർഡുകളും ഉടൻ ലഭ്യമാക്കുമെന്ന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കിയിരുന്നു.