25 April 2024 Thursday

ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു

ckmnews

ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു


ചങ്ങരംകുളം: പാചക ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതി വാതകമായാ പൈപ്പ് ലൈൻ വഴി അടുക്കളയിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വർഷം തൃശൂർ ജില്ലയിലെ വിവിധ നഗരങ്ങളിൽ നടപ്പാകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിയുടെ കരാറുകാർ. ചൂണ്ടൽ മുതൽ കൊരട്ടിക്കര വരെ 16 കിലോ മീറ്റർ നീളത്തിലും ഗുരുവായൂർ വരെ 13 കിലോ മീറ്റർ നീളത്തിലും പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിച്ച് വരികയാണ്.

മണ്ണിൽ ഒരു മീറ്റർ ആഴത്തിലാണു പൈപ്പുകൾ കുഴിച്ചിടുക. പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് മുഴുവനായി പൊളിക്കുന്നില്ല. 400 മീറ്റർ ഇടവിട്ട് കുഴിയെടുത്ത് അതിലൂടെ ആധുനിക ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ചു തുരന്നാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിനാൽ സംസ്ഥാന പാതയിൽ ഗതാഗതത്തിന് തടസ്സം നേരിട്ടിട്ടില്ല. പാചക വാതക പൈപ്പു ലൈനുകളുടെ നിർമാണം പൂർത്തിയായാൽ കുന്നംകുളം നഗരത്തിലാകും ആദ്യമായി പദ്ധതി പ്രാബല്യത്തിൽ വരുക. 

വീടുകൾക്ക് ആവശ്യമായ പാചക വാതകത്തിനു പുറമേ വ്യവസായ മേഖലയിലേക്കും നഗര പ്രദേശത്തെ ഗാർഹികേതര ‍ആവശ്യങ്ങൾക്കും കണ‌ക്‌ഷനുകൾ ലഭ്യമാകും. അടുത്ത വർഷം മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് അധികൃതർ പറഞ്ഞു.ഗെയിൽ വാതക പൈപ്പ് ലൈനിന്റെ ചൊവ്വന്നൂരിൽ സ്ഥപിച്ചിട്ടുള്ള വാൽവിൽ നിന്നാണു പദ്ധതിക്കാവശ്യമായ പ്രകൃതി വാതകം ലഭിക്കുക.പാചക ആവശ്യത്തിന് വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന എൽപിജിയെക്കാൾ അപകടസാധ്യത കുറഞ്ഞ വാതകമാണ് പിഎൻജി. വായുവിനെക്കാൾ ഭാരം കുറവായതിനാൽ ചോർച്ചയുണ്ടായാൽ എൽപിജി പോലെ മുറിക്കുള്ളിൽ തങ്ങിനിൽക്കാതെ മുകളിലേക്കു പോകും. അതിനാൽ തീപിടിത്തത്തിനുള്ള സാധ്യത കുറയുന്നു. കൂടാതെ എൽപിജിയെക്കാൾ ചെലവും കുറവാണ്.