25 April 2024 Thursday

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി; ചെയ്യേണ്ടത് ഇത്രമാത്രം

ckmnews

തദ്ദേശ സ്ഥാപനങ്ങളില്‍ അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരുചേര്‍ക്കുന്നതിന് ഇന്ന് മുതല്‍ 31 വരെ വീണ്ടും അവസരം. പട്ടികയില്‍നിന്ന് പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകളും 27 മുതല്‍ നല്‍കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചിരുന്നു. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന്‌ പ്രസിദ്ധീകരിച്ചിരുന്നു.

വോട്ടര്‍പട്ടികയില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം നടത്താനും lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ആക്ഷേപങ്ങള്‍ ഫോറം 5ലും ഫോറം 8ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയും.

ഒക്ടോബര്‍ 31 വരെയുള്ള അപേക്ഷകളും പരാതികളും പരിശോധിച്ച്‌ നവംബര്‍ 10ന് സപ്ലിമെന്‍ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാനാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനായിരുന്നു പ്രസിദ്ധീകരിച്ചത്.