25 April 2024 Thursday

വിവാഹം മുടക്കല്‍ പതിവായി; ജെ.സി.ബി. കൊണ്ട് അയല്‍ക്കാരന്റെ പലചരക്ക്‌ കട ഇടിച്ചുനിരത്തി

ckmnews

വിവാഹം മുടക്കല്‍ പതിവായി; ജെ.സി.ബി. കൊണ്ട് അയല്‍ക്കാരന്റെ പലചരക്ക്‌ കട ഇടിച്ചുനിരത്തി

ചെറുപുഴ: പലചരക്ക് കട യുവാവ് സ്വന്തം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി. ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത് ഊമലയിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. ഊമലയിൽ കച്ചവടംനടത്തുന്ന കൂമ്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് സ്തുതിക്കാട്ട് (പ്ലാക്കുഴിയിൽ) ആൽബിൻ മാത്യു (31) മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്.ഇരുവരും അയൽക്കാരാണ്. തന്റെ വിവാഹം മുടക്കിയതിനാലാണ് കട തകർത്തതെന്ന് ആൽബിൻ പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാൽ, ഇതിൽ കഴമ്പില്ലെന്ന് സോജിയും സംഭവസ്ഥലത്ത് എത്തിയവരും പറയുന്നു.ആൽബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. കട പൂർണമായും തകർന്നു.ചെറിയ ടൗണായതിനാൽ ഈ കട രാവിലെയും വൈകുന്നേരവും മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.പി.വിനീഷ്‌കുമാർ, എസ്.ഐ. എം.പി.വിജയകുമാർ, എ.എസ്.ഐ. ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഷീദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആൽബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.കടതകർത്ത സംഭവമറിഞ്ഞ് നിരവധിയാളുകൾ ഊമലയിൽ തടിച്ചുകൂടിയിരുന്നു.