19 April 2024 Friday

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നിനുതന്നെ

ckmnews

*പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നിനുതന്നെ*


10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വൻകിട ബാങ്കുകളാക്കുന്ന നടപടി ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുമെന്ന് റിസർവ് ബാങ്ക്. കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാവില്ല.


പദ്ധതിപ്രകാരം ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കും.


മാർച്ച് നാലിനാണ് കേന്ദ്രസർക്കാർ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വൻകിട ബാങ്കുകൾ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം.


ബാങ്ക് ഓഫീസേഴ്‌സ് യൂണിയനുകൾ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലയന നടപടികൾ നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.