24 April 2024 Wednesday

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു

ckmnews

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു


തൃത്താല:വെള്ളിയാങ്കല്ല് പൈതൃക പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു.മാർച്ച് 17ന് അടച്ച പാർക്ക് ഏഴ് മാസത്തിനുശേഷമാണ് തുറന്നത്.സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു കൊടുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ അനുമതിയായിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാവും പ്രവേശനം. 65 വയസ്സിന് മുകളിലുള്ളവർക്കും പത്ത് വയസ്സിന് താഴെയുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. പരമാവധി ഒരു മണിക്കൂർ മാത്രമേ സന്ദർശകർ പാർക്കിൽ ചെലവഴിക്കാവൂ. ശരീരതാപനില അളന്നശേഷം മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. വിനോദ സഞ്ചാര വകുപ്പ് നിധിയിൽ നിന്നും 43.95 ലക്ഷം രൂപ ചെലവഴിച്ച് പൈതൃക പാർക്കിനെ മനോഹരമാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രളയ സമയത്ത് തകർന്ന പാർക്കിന്റെ പുഴയിലേക്കിറങ്ങുന്ന ഭാഗത്തെ സുരക്ഷാ വേലിയുടേയും ഗേറ്റിനേറെയും നിർമ്മാണം പൂർത്തിയായി.കൂടുതൽ വൈദ്യുതവിളക്കുകൾ സ്ഥാപിക്കൽ, പുതിയ നടപ്പാതകളുടെ നിർമ്മാണം, ലാൻഡ്‌ സ്‌കേപ്പിങ്, പൂന്തോട്ട നിർമ്മാണം,കുട്ടികൾക്കായി കൂടുതൽ കളിയുപകരണങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്നത്.അറിയിപ്പുകൾ നൽകുന്നതിനുള്ള ശബ്ദ സംവിധാനവും ഏർപ്പെടുത്തും.പൈതൃക പാർക്കിനകത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.