19 April 2024 Friday

ലോക്ക് ഡൗൺ ; ആശുപത്രിയിൽ പോകാനായില്ല ; രോഗി മരിച്ചു

ckmnews

കാസർഗോഡ് : കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുമ്പോഴും അതിർത്തികൾ അടച്ചുള്ള കർണാടകയുടെ നടപടി ജില്ലയിൽ ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളുമായി പോകുന്ന വാഹനങ്ങൾ പോലും കടത്തിവിടാൻ കർണാടക ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇതേ തുടർന്ന് ചികിത്സ ലഭ്യമാകാതെ ജില്ലയിൽ മരണം രണ്ടായി. മഞ്ചേശ്വരം ഉദ്യാവാര സ്വദേശിനി എഴുപതുകാരിയായ പാത്തുമ്മയാണ് ഇന്ന് ചികിത്സ കിട്ടാതെ മരണപ്പെട്ടത്. അത്യാസന്ന നിലയിൽ രോഗിയുമായി പോയ ആംബുലൻസ് കർണാടക അതിർത്തി കടത്തി വിടാത്തതാണ് മരണത്തിലേക്ക് നയിച്ചത്. ആംബുലൻസ് ഡ്രൈവർ പൊലീസ് ഉദ്യോഗസ്ഥരോട കെഞ്ചി അപേക്ഷിച്ചിട്ടും യാത്ര അനുവദിച്ചില്ല. തുടർന്ന് തിരിച്ചു പോകും വഴിയാണ് മരണം സംഭവിച്ചത്. അതിർത്തി പ്രദേശങ്ങളിലെ ആളുകൾ പ്രധാനമായും മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കാറുള്ളത്. കർണാടക റോഡുകൾ അടച്ചതോടെ ഇത്തരം ആവശ്യങ്ങൾക്ക് തടസം നേരിടുകയാണ്. ഇതേ കാരണത്താൽ കഴിഞ്ഞ ദിവസം ആസ്ത്മ രോഗി മരണപ്പെടുകയും, അഥിതി തൊഴിലാളി ആംബുലൻസിൽ പ്രസവിക്കുകയും ചെയ്തിരുന്നു. അതേ സമയം ദക്ഷിണ കന്നട ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നാണ് ഡി കെ ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം. സംസ്ഥാന സർക്കാർ ഇടപെടലിലും അനുകൂല നടപടി കർണാടകയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.