28 March 2024 Thursday

ഓപ്പറേഷൻ റേഞ്ചർ ജാഗ്രത വല വിരിച്ചു: പിടികിട്ടാപ്പുള്ളികൾ കുടുങ്ങി

ckmnews

മലപ്പുറം:ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളികളെ കണ്ടെത്താൻ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഓപ്പറേഷൻ റേഞ്ചർ’പരിശോധനയിൽ മലപ്പുറത്ത് 6 പേരെ അറസ്റ്റ് ചെയ്തു. തിരൂർ കൂട്ടായിയിലെ വീട്ടിൽ നിന്ന് 3 വാളുകളും നിലമ്പൂർ ചാലിയാറിലെ വീട്ടിൽ നിന്ന് ഒരു തോക്കും കണ്ടെടുത്തു. ഡിഐജി കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ തൃശൂർ റേഞ്ചിലാണു പരിശോധന നടത്തിയത്.ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ തൃശൂർ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക റെയ്ഡിൽ നിലമ്പൂരിലെ ഒരു വീട്ടിൽ നിന്ന് കണ്ടെടുത്ത ഇരട്ടക്കുഴൽ തോക്ക്.

പൊലീസുകാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്രിമിനൽ സംഘങ്ങളും ലഹരി മാഫിയകളും കൂടുതൽ സജീവമാകുന്നു എന്ന വിലയിരുത്തലിലാണ് ‘ഓപ്പറേഷൻ റേഞ്ചർ’ നടപ്പാക്കിയത്. വധശ്രമക്കേസുകളിൽ പ്രതിയായ തിരൂർ കൂട്ടായി വാടിക്കൽ കുട്ടിയായിന്റെ പുരയ്ക്കൽ ഫാസിലിനെ (22) തിരൂർ പൊലീസും പെരുമ്പടപ്പ് പാലപ്പെട്ടി ആലുങ്ങൽ ജാബിറിനെ (32) പെരുമ്പടപ്പ് പൊലീസുമാണ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസം കൂട്ടായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലടക്കം 3 വധശ്രമക്കേസുകളിലെ ഫാസിൽ പ്രതിയാണ്.


8 മാസം മുൻപ് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ജാബിറിനെ വീടിനു അടുത്തുനിന്നാണു പിടികൂടിയത്. നിലമ്പൂർ ചാലിയാർ അളയ്ക്കൽ വീട്ടിൽ നിന്നു നാടൻ തോക്ക് പിടികൂടിയ നിലമ്പൂർ പൊലീസ് വീട്ടുടമ പൂവത്തിങ്ങൽ ഫ്രാൻസിസിനെ (കുഞ്ഞ് - 47) അറസ്റ്റ് ചെയ്തു. തോക്ക് വീട്ടിനുള്ളിൽ മുറിയിൽ മരക്കഷണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. വിവിധ കേസുകളിൽ പ്രതിയായ തിരൂർ വാക്കാട് കാക്കച്ചിന്റെ പുരയ്ക്കൽ ഷാജി(30)യുടെ വീട്ടിൽ നിന്നാണു വാളുകൾ കണ്ടെടുത്തത്.


നിരവധി മോഷണക്കേസുകളിൽ പ്രതിയായ പെരകമണ്ണ വെള്ളാട്ടുചോല അബ്ദുൽ റഷീദിനെ (46) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തെരട്ടമ്മലിലെ വീട്ടിൽ നിന്ന് 6 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവം ഉൾപ്പെടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അഞ്ചോളം മോഷണ കേസുകളിൽ പ്രതിയാണ്. 31 ലീറ്റർ വിദേശമദ്യം കൈവശം വച്ച കേസിൽ ഒളിവിലായിരുന്നയാളെ കാടാമ്പുഴ പൊലീസും പിടികൂടി.കാടാമ്പുഴ വേവണ്ണ പ്രതീഷിനെയാണ് (29) അറസ്റ്റ് ചെയ്തത്. അക്രമ സംഭവങ്ങളിൽ പ്രതിയായ കോളിക്കാനകത്ത് ഇസ്ഹാഖിനെ(30) താനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ പുലർച്ചെ ഇയാളുടെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ 9 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.