ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെ അഭിസംബോധനം ചെയ്യാൻ അവസരം ലഭിച്ചവരിൽ ചങ്ങരംകുളം സ്വദേശിയും

മലപ്പുറം ചങ്ങരംകുളം കിഴിക്കര കാടംകുളത്തിൽ പോക്കറിന്റെയും നഫീസയുടെയും മകനായ അൽ മയാർ മുഹമ്മദ് റഫീഖിനാണ് (37) ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ലണ്ടനിലെത്തി പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം ലഭിച്ചത്.ദുബായിലെ മില്യണേഴ്‌സ് ബിസിനസ് ക്ലബ്ബായ ഇന്റർനാഷണൽ പ്രമോട്ടേഴ്‌സ് അസോസിയേഷനും(ഐ.പി.എ.) ബ്രിട്ടീഷ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും ചേർന്നാണ് ഇതിനു അവസരമൊരുക്കിയത്. യു.കെ. നിക്ഷേപ സാധ്യതകളെക്കുറിച്ചായിരുന്നു റഫീഖ് സംസാരിച്ചത്. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മയാർ ഹോൾഡിങ്‌സ് മൂന്നു വർഷമായി യു.കെ.യിലും പ്രവർത്തിക്കുന്നുണ്ട്.ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, സൗദി, ഉഗാണ്ട എന്നീ രാജ്യങ്ങളിലും ശാഖകളുള്ള അൽ മയാർ ഇലക്ട്രിക്കൽ, സോളാർ, ഇ.വി. തുടങ്ങിയ മേഖലകളിൽ കാഴ്ചവെച്ച പ്രവർത്തനമികവാണ് ഇദ്ദേഹത്തിന് ഇത്തരമൊരവസരം ലഭിക്കുന്നതിനു വഴിയൊരുക്കിയത്. ബ്രിട്ടനിൽ ബിസിനസ് നിക്ഷേപം നടത്തുന്നതിനുള്ള സഹായങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് വാഗ്ദാനം ചെയ്തതായി പ്രസംഗത്തിനുശേഷം മടങ്ങിയെത്തിയ ഇദ്ദേഹം പറഞ്ഞു.