രോഹിത്തും കോലിയും ബുമ്രയും ടീമിനൊപ്പം ചേരും, ലോകകപ്പിനു തൊട്ടുമുൻപ് ഗില്ലിന് വിശ്രമം

ന്യൂഡൽഹി ∙ ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിൽ പേസർ ജസ്പ്രീത് ബുമ്ര ടീമിൽ തിരിച്ചെത്തും. ടീമിലെ റൊട്ടേഷൻ പോളിസിയുടെ ഭാഗമായി രണ്ടാം മത്സരത്തിൽ ബുമ്രയ്ക്കു വിശ്രമം അനുവദിച്ചിരുന്നു. ആദ്യ 2 മത്സരങ്ങളിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരും നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ടീമിനൊപ്പം ചേരും. ഈ സാഹചര്യത്തിൽ ഓപ്പണർ ശുഭ്മൻ ഗിൽ, ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂർ എന്നിവർക്കു വിശ്രമം അനുവദിക്കും.
ഏഷ്യാകപ്പ് ഫൈനലിനിടെ പരുക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേൽ നാളെയും ടീമിലുണ്ടാകില്ല. അക്ഷറിന്റെ പരുക്ക് ഗുരുതരമല്ലെന്നും ലോകകപ്പ് സന്നാഹ മത്സരത്തിൽ അക്ഷർ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ഏഷ്യൻ ഗെയിംസ് ടീമിലുള്ള ഋതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാർ എന്നിവരെയും മൂന്നാം ഏകദിനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി.