28 October 2020 Wednesday

വാഹന പുകപരിശോധന ഓണ്‍ലൈനിലാക്കാന്‍ എം.വി.ഡി; വ്യാജന്‍മാര്‍ക്ക് നിരവധി പഴുതുകള്‍

ckmnews

വാഹനപുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനാക്കാനുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ നീക്കത്തില്‍ വ്യാജന്‍മാര്‍ക്ക് പഴുതുകളേറെ. സര്‍ട്ടിഫിക്കറ്റ് വിതരണം മാത്രമാണ് ഓണ്‍ലൈനിലേക്ക് മാറുന്നത്. പരിശോധന കുറ്റമറ്റതാക്കുന്നതിനോ, നിലവാരം നിശ്ചയിക്കുന്നതിനോ നടപടിയില്ല.


പരിശോധനാ കേന്ദ്രങ്ങളുടെ പേരില്‍ നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റ് ഇനി മോട്ടോര്‍വാഹനവകുപ്പിന്റേതായി നല്‍കുകയും പരിശോധനാഫലം വാഹനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ചില പുകപരിശോധനാ കേന്ദ്രങ്ങളില്‍ വ്യാജ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നുണ്ട്. ഏത് വാഹനം പരിശോധിച്ചാലും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള റിസള്‍ട്ട് ലഭിക്കും.


കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ 'വാഹന്‍' എന്ന സോഫ്റ്റ്വേറിലേക്കാണ് സംസ്ഥാനത്തെ പൊലൂഷന്‍ ടെസ്റ്റിങ് സെന്ററുകള്‍ ബന്ധിപ്പിക്കുന്നത്. വാഹന്‍ സോഫ്റ്റ്വേറിലേക്ക് ബന്ധിപ്പിക്കുന്ന സമയത്ത് പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേറിന്റെ ആധികാരികത ഉറപ്പുവരുത്താനാകും. എന്നാല്‍ അതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.


പരിശോധിക്കപ്പെടുന്ന വാഹനം ഏത് ശ്രേണിയില്‍പെട്ടതാണെന്ന് തീരുമാനിക്കാനുള്ള അധികാരം പരിശോധനാകേന്ദ്രങ്ങള്‍ക്കാണ്. ഭാരത് സ്റ്റേജ് 2, 3 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് മലിനീകരണത്തോത് കൂടുതലാണ്. സാങ്കേതികത്തകരാര്‍ കാരണം പുകകൂടിയ ഭാരത് സ്റ്റേജ് 4 ല്‍പ്പെട്ട വാഹനം സ്റ്റേജ്-2 വിഭാഗത്തില്‍പ്പെടുത്തി പരിശോധിച്ചാല്‍ പാസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാകും.


മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍ കുറ്റമറ്റതാക്കുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് പുകപരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നതെന്നും തുടര്‍ന്ന്, പരിശോധനയുടെ കൃത്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ckmnews