29 March 2024 Friday

തൃശ്ശൂരിൽ റിമാന്റ് പ്രതി മരിച്ച സംഭവം ; ജയിൽ ജീവനക്കാർക്കെതിരെ ഭാര്യയുടെ നിർണ്ണായക മൊഴി

ckmnews

തൃശ്ശൂർ: കഞ്ചാവ് കേസിലെ റിമാൻറ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നിർണ്ണായക മൊഴി. ഷെമീറിനെ ജയില്‍ ജീവനക്കാര്‍ മർദ്ദിച്ചവശനാക്കിയെന്ന് ഭാര്യ മൊഴി നൽകി. ഷെമീർ കുഴഞ്ഞു വീണപ്പോഴാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്നാണ് ഭാര്യ പറയുന്നത്. അന്വേഷണസംഘം ഷെമീറിൻ്റെ ഭാര്യ ഉൾപ്പടെയുള്ള മറ്റ് മൂന്നു പ്രതികളുടെ മൊഴിയെടുത്തു. ഇവരുടെ രഹസ്യമൊഴി തിങ്കളാഴ്ച്ച കോടതി രേഖപ്പെടുത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കും. 


ഷെമീർ റിമാൻറിലിരിക്കെ മരിച്ചത് ക്രൂരമർദ്ദനമേറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാൽപതിലേറെ മുറിവുകളും മരണകാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തൻ സ്റ്റാൻഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്.


റിമാന്റിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെൻറിലക്ക് മാറ്റി. സെപ്തംബര്‍ 30ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിലിയേക്ക് മാറ്റി. ഇവിടെവച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവെ ജയില്‍ ജിവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അന്നു തന്നെ കൊവിഡ് സെൻറിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാര്‍ഡിലേക്കാണ് മാറ്റിയത്.

പിറ്റേന്ന്  പുലര്‍ച്ചെ ഷെമീര്‍ മരിച്ചു.