20 April 2024 Saturday

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി റെയില്‍വേ ബോര്‍ഡിന്റെ മുന്നില്‍; പ്രായോഗികമെന്ന് നിഗമനം

ckmnews

ന്യൂഡല്‍ഹി: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമിഹൈസ്പീഡ് റെയില്‍ പദ്ധതി റെയില്‍വേ ബോര്‍ഡിന്റെ മുന്നില്‍. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇതിന് അനുമതി നല്‍കിയാല്‍ പദ്ധതിക്ക് അംഗീകാരമാകും. പദ്ധതി പ്രായോഗികമാണെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നിഗമനം.

56,000 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്. പദ്ധതി നിക്ഷേപം സംബന്ധിച്ചും മറ്റുകാര്യങ്ങളും ആലോചിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

സ്ഥലമേറ്റെടുപ്പിനായി ഓരോ ജില്ലകളിലും റവന്യൂവകുപ്പിന്റെ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അംഗീകാരം ലഭിച്ചാല്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം അടുത്ത വര്‍ഷം ആദ്യത്തോടെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തിലെ അതിവേഗ യാത്രയ്ക്ക് വലിയ അളവില്‍ പരിഹാരമായേക്കാവുന്നതാണ്‌ നിര്‍ദ്ദിഷ്ട തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍പാത. നിലവില്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ യാത്രാ സമയം വേണ്ടിടത്ത് നാലര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ പാത.

ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്‌.  ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് 56,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.