19 April 2024 Friday

മൊറട്ടോറിയം കാലയളവിലെ വായ്പ : കൂടുതൽ ഇളവ് ഇല്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ckmnews

ന്യൂഡൽഹി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സർക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ബാങ്കുകൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്ത ശേഷം ആണ് ഇളവുകൾ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. 

ഗരീബ് കല്യാൺ, ആത്മ നിർഭർ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകൾക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വിവിധ മേഖലകൾക്ക് കൂടുതൽ അനൂകല്യം നൽകാൻ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനും സത്യവാങ്മൂലത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. സർക്കാരിന്റെ സർക്കുലറുകളും ഉത്തരവുകളും ഇറക്കുന്നത് നടപടിക്രമങ്ങൾ പാലിച്ച് ആണ്. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാൽ എക്സ്പെൻഡീച്ചർ ഫിനാൻസ് കമ്മിറ്റി ഇളവുകൾ ആദ്യം വിലയിരുത്തും. തുടർന്ന് കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാൻ കഴിയു എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

ബഡ്ജറ്റിന് പുറത്തുള്ള ചെലവ് ആയതിനാൽ പാർലമെന്റും ഇളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പരിഗണിക്കേണ്ടത് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാൽ നയപരമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും അതിൽ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മൊറൊട്ടോറിയം നീട്ടാൻ കഴിയില്ല എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 

ലോക്ഡൗണിനെ തുടർന്ന് ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടാൻ കഴിയില്ല എന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു. മൊറട്ടോറിയം താത്കാലിക ആശ്വാസം എന്ന നിലയിൽ ആണ് ഏർപ്പെടുത്തിയത്. എന്നാൽ വായ്പ എടുത്തവർക്ക് ദീർഘകാല അനൂകൂല്യം ലഭിക്കുന്ന തരത്തിൽ ആണ് ഓഗസ്റ്റ് 6 ന് ഇളവുകൾ സംബന്ധിച്ച സർക്കുലർ ഇറക്കിയത് എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിർദേശങ്ങൾ ബാധകം ആയിരിക്കില്ല എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് പ്രതിസന്ധി നേരിടുന്നവർക്ക് ഉള്ള അനൂകൂല്യം പഠിക്കാൻ രൂപീകരിച്ച കെ വി കാമത്ത് കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിക്കുന്നതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ രമേശ് ബാബു ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

ആർക്കൊക്കെ കൂട്ട് പലിശ ഒഴിവാകും?

രണ്ട് കോടി രൂപ വരെ വായ്പ എടുത്തവർക്ക് ആണ് കൂട്ട് പലിശ ഒഴിവായി കിട്ടുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ, തുടങ്ങിയവയ്ക്ക് ആണ് ഇളവ് ലഭിക്കുക. മാർച്ചുമുതൽ ഓഗസ്റ്റുവരെയുള്ള കൂട്ടുപലിശ ഒഴിവാക്കുമ്പോഴുണ്ടാകുന്ന സാമ്പത്തികബാധ്യത ബാങ്കുകൾക്ക് താങ്ങാനാവില്ലെന്നതിനാൽ അത് കേന്ദ്രസർക്കാർ ഏറ്റെടുക്കും.