23 April 2024 Tuesday

ഇന്ന് ലോക തപാല്‍ദിനം 41 വര്‍ഷത്തിനിടെ നഫീസ കുഞ്ഞിപ്പ പന്താവൂര്‍ എഴുതിയത് ഒന്നരലക്ഷം കത്തുകള്‍

ckmnews

*ഇന്ന് ലോക തപാൽ ദിനം*


41 വര്‍ഷത്തിനിടയില്‍ *നഫീസ കുഞ്ഞിപ്പ പന്താവൂര്‍* എഴുതിയത് ഒന്നരലക്ഷം കത്തുകള്‍


ചങ്ങരംകുളം:കഴിഞ്ഞ 41 വര്‍ഷത്തിനിടെ സമകാലിക സിനിമാ കാര്‍ഷിക വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള കുഞ്ഞിപ്പയുടെയും നഫീസയുടെയും കത്തുകള്‍ വായിക്കാത്ത മാധ്യമ സ്ഥാപനങ്ങളും ഈ പേര് കേള്‍ക്കാത്ത മലയാളികളും വളരെ കുറവായിരിക്കും.ഒന്നര ലക്ഷത്തിലതികം വരുന്ന എഴുത്തുകള്‍ എഴുതിയാണ് കുഞ്ഞിപ്പ പന്താവൂര്‍ എന്ന നഫീസ കുഞ്ഞിപ്പ പന്താവൂര്‍  തന്റെ എഴുത്ത് ജീവിതത്തില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കുന്നത്.കത്തെഴുതാത്ത ഒരുദിവസം പോലും കടന്നുപോയിട്ടില്ലെന്നു പറയുന്നു കുഞ്ഞിപ്പയും നഫീസയും. നാലാം ക്ലാസാണ് കുത്തിപ്പയുടെ വിദ്യാഭ്യാസം. ജോലി പന്താവൂര്‍ പള്ളിയിലെ മുക്രിയും മദ്രസയിലെ അധ്യാപകനും.കാലങ്ങള്‍ സാങ്കേതികമായി മാറിയെങ്കിലും പൊന്നാനി താലൂക്കിലെ ചങ്ങരംകുളത്തിനടുത്ത പന്താവൂര്‍ എന്ന ഗ്രാമത്തെ ലോകമലയാളികള്‍ക്ക് ചിരപരിചിതമാക്കിയ കുഞ്ഞിപ്പ  കത്തെഴുത്ത് തുടരുകയാണ്.ആകാശവാണി പരിപാടികള്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചാണ് കുഞ്ഞിപ്പ തന്റെ പ്രിയതമയുടെയും നാടിന്റെയും കൂടി പേര് പ്രശസ്തമാക്കിയത്. 1979ലാണ് ആദ്യമായി കത്തെഴുതിയത്. ഒരു കൗതുകത്തിനായിരുന്നു തുടക്കം. പിന്നീടത് നിത്യജീവിതത്തിന്റെ ഭാഗമായി. എത്ര തിരക്കുകള്‍ക്കിടയിലും കത്തെഴുത്ത് കൈവിടില്ല ഈ 57കാരന്‍. കത്തിന്റെ കാലം അസ്തമിച്ചെങ്കിലും നഫീസയും കുഞ്ഞിപ്പയും ഇന്നും കത്തെഴുതും. ഒപ്പം എഫ് എം റേഡിയോകളിലേക്ക് ഫോണ്‍ വിളിയുമായും ശ്രോതാവായി മാറും.മാത്രമാണ് ഇത് തികയുക. കാര്‍ഡ് വാങ്ങുന്ന തിയ്യതിയും എണ്ണവും രേഖപ്പെടുത്തി സൂക്ഷിക്കും. വെറും അഭിപ്രായപ്രകടനങ്ങളായി മാത്രമല്ല, തന്റെ കത്തുകളെ ആകാശവാണിയുള്‍പ്പെടെ കണ്ടിരുന്നതെന്ന് കുഞ്ഞിപ്പ പറയുന്നു. തൃശൂര്‍ നിലയത്തില്‍ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12ന് മാപ്പിളപ്പാട്ട് പരിപാടിയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് നിരന്തരം കത്തെഴുതിയതോടെ പരിപാടി ശനിയാഴ്ചയിലേക്ക് മാറ്റി. പ്രാദേശിക പ്രശ്‌നങ്ങള്‍ അച്ചടിമാധ്യമങ്ങളിലൂടെ പൊതുശ്രദ്ധയില്‍ കൊണ്ടുവരാനും കത്തെഴുത്തിലൂടെ സാധിച്ചിട്ടുണ്ട്.ഇത്തരത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായി.ഇരുന്ന ഇരുപ്പില്‍ നാല്‍പ്പതോളം കത്തുകള്‍ വരെ എഴുതിയിട്ടുണ്ട്.അതുതന്നെയാണ് കുഞ്ഞിപ്പ റേഡിയോ എന്നതിന്റെ പര്യായവാക്കായി മാറിയതിന്റെ കാരണവും.