19 April 2024 Friday

ആംബുലന്‍സ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍:ക്ഷേത്രത്തിലെ മോഷണശ്രമം പരാജയപ്പെട്ടു

ckmnews

പൊന്നാനി:ആംബുലൻസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ ഇല്ലാതായത് ക്ഷേത്രത്തിലെ മോഷണ ശ്രമം.താനൂർ സ്വദേശിയും "താനൂർ ഡ്രൈവേഴ്സ് ഐക്യസംഘം" കൂട്ടായ്മയുടെ  ആംബുലൻസ് ഡ്രൈവറുമായ അമ്മാത്ത് നൗഫലിൻ്റെ അവസരോചിതമായ ഇടപെടലാണ് പൊന്നാനി തേവർ ക്ഷേത്രത്തിലെ ഭണ്ഡാര മോഷണം ഇല്ലാതാക്കിയത്. രാത്രി 8 മണിക്ക് പൊന്നാനി വഴി എറണാംകുളത്തേക്ക് പോയ നൗഫൽ പുലർച്ചെ നാലുമണിക്ക് പൊന്നാനി വഴി തന്നെ താനൂരിലേക്ക് തിരിച്ച് പോകുന്നതിനിടെയാണ് ഒരാൾ തേവർ ക്ഷേത്രത്തിൻ്റെ ഭണ്ഡാരം കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറക്കാൻ ശ്രമിക്കുന്നത് നൗഫലിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ആംബുലൻസ് നിർത്തിയത് കണ്ട് പന്തികേട് മനസ്സിലാക്കിയ മോഷ്ടാവ് മോഷണം നിർത്തി ബൈക്കിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ നൗഫൽ മോഷ്ടാവിൻ്റെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും ബൈക്ക് ഉപേക്ഷിച്ച് കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊന്നാനി ചാണാ റോഡ് സ്വദേശിയുടെ കളവ് പോയ ബൈക്കിലാണ് മോഷ്ടാവെത്തിയത്. ബൈക്കിൽ നിന്നും ലഭിച്ച പണമടങ്ങിയ കവർ ക്ഷേത്ര ഭാരവാഹികളെ ഏൽപ്പിച്ചാണ് നൗഫൽ മടങ്ങിയത്. മോഷ്ടാവിനെ പിടികൂടുന്നതിനായി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.