23 April 2024 Tuesday

രാജ്യത്ത് സിനിമാതിയേറ്ററുകള്‍ ഈ മാസം 15 മുതല്‍ തുറക്കും

ckmnews


രാജ്യത്ത് തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ഈ മാസം 15 മുതല്‍ തുറക്കാനാണ് തീരുമാനം.വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഒരു ഷോയില്‍ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. മാസ്‌ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണം. ഡിജിറ്റല്‍ പേയ്മെന്റ് ,ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഒന്നിടവിട്ട സീറ്റുകള്‍ മാത്രമേ അനുവദിക്കാവൂ.തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധമാണ്.ഇടവേളകളില്‍ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം.അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകള്‍ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.