20 April 2024 Saturday

ഖത്തറില മുഴുവൻ താമസക്കാര്‍ക്കും കോവിഡ് വാക്സീൻ സൗജന്യം

ckmnews

ദോഹ ∙ ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും കോവിഡ് 19 വാക്സീൻ സൗജന്യമായി തന്നെ നല്‍കുമെന്ന് അധികൃതര്‍. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പകര്‍ച്ച വ്യാധി പ്രതിരോധ വിഭാഗം മേധാവിയും കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാക്സീൻ ലഭ്യമായാല്‍ ഉടന്‍ തന്നെ രാജ്യത്ത് വലിയ അളവില്‍ മരുന്ന് എത്തിക്കാനായി ഒന്നിലധികം കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങാനാണ് പൊതുജനാരോഗ്യ മന്ത്രാലയം തയാറെടുക്കുന്നത്. രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ വര്‍ഷാവസാനത്തോടെ 10 കോടി ഡോസ് വാക്സീൻ ഉല്‍പാദിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടെന്ന് ഡോ.ഖാല്‍ ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുഎസ്, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും ആദ്യം നല്‍കുക. 2021 ല്‍ വീണ്ടും 100 കോടി ഡോസ് ഉല്‍പാദിപ്പിച്ച് മറ്റ് രാജ്യങ്ങള്‍ക്കും നല്‍കും. ആഗോള തലത്തില്‍ കോവിഡ് വാക്സീൻ പരീക്ഷണങ്ങള്‍ നടത്തുന്ന കമ്പനികളും മന്ത്രാലയവും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.