19 April 2024 Friday

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം, അവശ്യസാധനങ്ങള്‍ കിട്ടും, അറിയേണ്ടതെല്ലാം

ckmnews

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. രാവിലെ ഒമ്ബത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഒരു മണിക്കൂര്‍ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും റേഷന്‍ കടകള്‍ തുറക്കുമെന്നും സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.


അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്ന് നേരത്തേ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. മെഡിക്കല്‍ ഷോപ്പുകളും തുറക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെ അത്തരം കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ.

ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കര്‍ശനമാണ്. രാവിലെ 11 മണിക്കേ കടകള്‍ തുറക്കാവൂ. വൈകിട്ട് 5 മണിയോടെ അടയ്ക്കുകയും വേണം.


അത്യാവശ്യമല്ലെങ്കില്‍ ഒരു കാരണവശാലും ആരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ വീണ്ടും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുന്നു. കയ്യില്‍ ആളുകള്‍ സത്യവാങ്മൂലം സൂക്ഷിക്കണം. അതില്ലെങ്കില്‍ കേസെടുത്ത് കര്‍ശന നടപടിയിലേക്ക് നീങ്ങും. അവശ്യസര്‍വീസുകള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവര്‍ അതാത് ജില്ലാ ആസ്ഥാനങ്ങളിലെ എസ്പി ഓഫീസുകളിലോ പൊലീസ് സ്റ്റേഷനുകളിലോ പോയി പാസ്സുകള്‍ വാങ്ങണം. അത് കയ്യില്‍ വച്ച്‌ മാത്രമേ സഞ്ചരിക്കാവൂ. മാധ്യമപ്രവര്‍ത്തകര്‍ അവരവരുടെ ഐഡികള്‍ കര്‍ശനമായും കയ്യില്‍ സൂക്ഷിക്കണം.


അവശ്യവസ്തുക്കള്‍ക്ക് ഒരു കാരണവശാലും മുട്ടുവരില്ലെന്ന് ഭക്ഷ്യമന്ത്രി   പറഞ്ഞിരുന്നു. മൂന്ന് മാസത്തേയ്ക്ക് സംസ്ഥാനം അവശ്യഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാല്‍ കര്‍ശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. ഒന്നരവര്‍ഷത്തേക്ക് രാജ്യത്ത് ഭക്ഷ്യധാന്യങ്ങക്ഷള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.


അതേസമയം, കേരളത്തില്‍ ചിലയിടങ്ങളിലെങ്കിലും പച്ചക്കറികള്‍ക്ക് അടക്കം ഇന്നലെത്തന്നെ വില കൂട്ടിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒറ്റരാത്രി കൊണ്ട് ചെറിയ ഉള്ളിക്ക് 35 രൂപയാണ് മൊത്തവില കച്ചവടക്കാര്‍ കൂട്ടിയത്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സര്‍ക്കാര്‍.


രാജ്യമാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും ബിവറേജസ് കടകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക് രൂപപ്പെടുന്നതിനാലും അടുത്ത 21 ദിവസത്തേക്ക് ബിവറേജസ് കടകള്‍ അടച്ചിടാനാണ് സംസ്ഥാനസര്‍ക്കാര്‍ ഇന്ന് രാവിലെ തീരുമാനിച്ചത്. 21 ദിവസത്തേക്ക് ബിവറേജസ് അടഞ്ഞുകിടക്കും. ആവശ്യമെങ്കില്‍ മദ്യം ഓണ്‍ലൈനായി കൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.