23 April 2024 Tuesday

കുന്നംകുളം കൊലപാതകം : രണ്ട് പേർ കസ്റ്റഡിയിൽ ,പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്

ckmnews

തൃശ്ശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വധിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ മുഖ്യപ്രതിയായ നന്ദനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

രണ്ട് മാസം മുൻപാണ ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത് അതിനാൽ തന്നെ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നന്ദൻ തൃശ്ശൂർ വിട്ടു പുറത്തുപോയിട്ടില്ലെന്ന് നിഗമനത്തിലാണ് പൊലീസിൻ്റെ അന്വേഷണം തുടരുന്നത്.  

അതേസമയം തൃശ്ശൂരിലെ ചില സ്ഥലങ്ങളിൽ ഇയാളെ കണ്ടതായി പൊലീസിന് വിവരം അറിയിച്ചിട്ടുണ്ട്. ചില ഉൾപ്രദേശങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിയുന്നത് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സനൂപിനെ ഒറ്റക്കുത്തിന് കൊന്നതും തലയ്ക്ക് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചും ആക്രമണത്തിന് നേതൃത്വം നൽകിയതും നന്ദനാണ് എന്നാണ് പൊലീസ് പറയുന്നത്.

സനൂപിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാടി സ്വദേശികളായ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. 

നന്ദൻ. ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരെ കൂടാതെ മറ്റൊരാൾ കൂടി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി ഇപ്പോൾ പിടിയിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. ആക്രമണത്തിനിടെ പരുക്കേറ്റ ഇയാൾ ത്യശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന നിർണായക വിവരവും പിടിയിലായവരിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

സനൂപിൻ്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആവർത്തിച്ചു പറയുന്നത്. കൊലപാതകത്തിന് പിന്നിൽ ബിജെപി - ബജ്റംഗ്ദൾ പ്രവർത്തകരെന്നായിരുന്നു മന്ത്രി എ.സി.മൊയ്തീൻ്റെ പ്രതികരണം. എന്നാൽ അത്തരമൊരു സാധ്യത ഒട്ടുമില്ലെന്നാണ് പൊലീസ് കരുതുന്നത്. ചിറ്റിലങ്ങാട്ടെ സിപിഎം പ്രവർത്തകനായ മിഥുനെ ബൈക്കിൽ പോകുമ്പോൾ മുഖ്യപ്രതി നന്ദൻ ദിവസങ്ങൾക്ക് മുൻപ് മർദ്ദിച്ചിരുന്നു. 

ഇത് ചോദ്യം ചെയ്യാൻ സനൂപ് എത്തിയപ്പോഴാണ് വാക്കുതർക്കം കൊലപാതകത്തിലെത്തിയത്. മറ്റൊരു പ്രദേശത്തെ സിപിഎമ്മിൻ്റെ ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ഇവിടെയെത്തിയത് പ്രദേശത്തെ സിപിഎം നേതാക്കളെ പോലും അറിയിക്കാതെയുമാണ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് രാഷ്ട്രീയ കൊലപാതകം എന്ന സാധ്യത പൊലീസ് തള്ളുന്നത്.

കൊലപാതകം നടന്ന രാത്രി തന്നെ പ്രതികളായ നന്ദൻ,ശ്രീരാഗ്,സതീഷ്,അഭയരാജ് എന്നിവര്‍ ചിറ്റിലങ്ങാട്ട് നിന്ന് മുങ്ങിയിരുന്നു.പിന്നീട് നന്ദനെ തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.എന്നാല്‍ മറ്റു 3 പേര്‍ ഒപ്പമുണ്ടായിരുന്നില്ല.പ്രതികള്‍ നാലു പേരും നാലു വഴിയ്ക്ക് മുങ്ങിയതാകാം എന്നാണ് നിഗമനം. 

നന്ദൻ രണ്ടുമാസം മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഇയാള്‍ രാജ്യം വിട്ടുപോകാതിരിക്കാൻ പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതികളുടെ വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തി. ഇവരുടെ മൊഴിയെടുത്തു. പ്രതി പോകാൻ സാധ്യതയുളള എല്ലാ പ്രദേശങ്ങളിലും പൊലീസ് വല വിരിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടുപോകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല.

അതേസമയം സനൂപിൻറെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നു. സനൂപിൻറെ വയറ്റിലും തലയ്ക്ക് പിറകിലുമാണ് പരുക്കുളളത്. ആദ്യത്തെ കുത്തില്‍ വീണുപോയ സനൂപ് പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തലയ്ക്ക് പിറകില്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചിടുകയായിരുന്നു.ഈ അടിയാണ് മരണകാരണമായതെന്നാണ് കരുതുന്നത്.