20 April 2024 Saturday

ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ckmnews

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ലഭിക്കാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്നാണ് അടുത്തിടെ അവിടെ നടന്ന നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അഭിഭാഷകനായ സിആര്‍ ജയസുകിന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഹാഥ്‌റസില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയാവുകയും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ഓരോ രണ്ട് മണിക്കൂറിലും ഒരു ബലാത്സംഗക്കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ 2020 ജനുവരിയില്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഓരോ 90 മിനിട്ടിലും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നു. 

4322 ബലാത്സംഗ കേസുകളാണ് 2018 ല്‍ റിപ്പോര്‍ട്ടു ചെയ്തത്. 12 ബലാത്സംഗങ്ങള്‍ വീതമാണ് ഓരോ ദിവസവും നടന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 59,445 എണ്ണം ആ വര്‍ഷം നടന്നു. ഒരു ദിവസം ശരാശരി 162 കേസുകള്‍ എന്ന കണക്കിലാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 2017 നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏഴ് ശതമാനം വര്‍ധിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

യുപിയില്‍ നടന്ന മറ്റുസംഭവങ്ങളും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലാതിരുന്നതിനാലാണ് ഗോരഖ്പൂരിലെ ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിക്കാനിടയായതെന്ന് ചൂണ്ടിക്കാട്ടിയ ഡോ. കഫീല്‍ ഖാനെ മാസങ്ങളോളം ജയിലിലടച്ചു. അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 20 വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമായിരുന്നു. 

ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെയാണ് നാലുപേര്‍ സെപ്റ്റംബര്‍ 14 ന് ബലാത്സംഗം ചെയ്തത്. വീടിന് സമീപത്തുള്ള കൃഷിസ്ഥലത്ത് നഗ്നയാക്കപ്പെട്ട നിലയില്‍ നാവ് മുറിഞ്ഞ് ചോരയൊലിപ്പിച്ച് നട്ടെല്ല് തകര്‍ന്ന് അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് കുടുംബം പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം ന്യൂഡല്‍ഹിയിലെ ആസുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്. ഈ സ്ഥിതിഗതികളെല്ലാം കണക്കിലെടുത്ത് ഭരണഘടനയിലെ 356-ാം വകുപ്പ് ഉത്തര്‍പ്രദേശില്‍ പ്രയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.