19 April 2024 Friday

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയിലൂടെ ചങ്ങരംകുളം സ്വദേശിയുടെ കന്നിയാത്ര

ckmnews

മണാലി:സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമായ അടൽ തുരങ്കപാതയിലൂടെ ചങ്ങരംകുളം സ്വദേശിയുടെ കന്നിയാത്ര.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഈ അത്ഭുത പാതയിലൂടെ ഒരുപക്ഷെ ആദ്യമായി ബൈക്കില്‍ യാത്ര ചെയ്യുന്ന ആദ്യമലയാളി എന്ന നേട്ടമാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയും റൈഡറുമായ വിജേഷ് സ്വന്തമാക്കിയത്.


ഹിമാചൽ പ്രദേശിലെ മണാലി-ലേ ഹൈവേയിൽ 9.02 കിലോമീറ്റർ നീളമുള്ള തുരങ്കം സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 10 വർഷമെടുത്താണ് തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


തുരങ്കപാത യാഥാർഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റർ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂർ കുറയുകയും ചെയ്യും.മണാലി-ലഡാക്ക് ദേശീയപാതയിൽ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകൾക്കടിയിലൂടെയാണ് അടൽ ടണൽ നിർമിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടൽ ടണൽ വഴി യാത്രചെയ്യാം.



പല തരം ഗുണങ്ങളാണ് തുരങ്കം കൊണ്ട് രാജ്യത്തിനുണ്ടാവുക. രാജ്യത്തെ പ്രധാന സൈനിക പോസ്റ്റായ ലാഹോളിലേക്ക് ഇന്ത്യൻ സൈന്യത്തിന് ഏത് കാലാവസ്ഥയിലും പ്രവേശിക്കാനാവും എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. തുരങ്കപാത തുറന്നതിനുശേഷം അവിടേക്ക് സൈനികരെ വീണ്ടും എത്തിക്കുന്നതിനുള്ള ഒരു പ്രധാന റോഡായും തുരങ്കം മാറും.


അതിർത്തിയിലേക്ക് അടിയന്തരഘട്ടത്തിൽ കൂടുതൽ യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാൻ ഈ തുരങ്കം സഹായകമാകും. തുരങ്കത്തിനുള്ളിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്