18 April 2024 Thursday

ഗൂഗിളിനെ ഒതുക്കാന്‍ പേടിഎം ഉള്‍പ്പടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൈകോര്‍ക്കുന്നു, പേ ടിഎമ്മിന്റെ മിനി ആപ്പ്‌സ്റ്റോര്‍

ckmnews

പ്ലിക്കേഷന്‍ രംഗത്ത് ഗൂഗിളിന്റെ മേധാവിത്വത്തിനെതിരെ രംഗത്തുവരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിനെ വെല്ലുവിളിക്കുന്നതിന് സര്‍ക്കാരിലും കോടതികളിലും പരാതി നല്‍കുന്നതിനടക്കം ഒന്നിച്ചുനില്‍ക്കാനാണ് ഇവരുടെ ശ്രമമമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി വലിയ രീതിയില്‍ നിക്ഷേപം നടത്തുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കമ്പനിയുടെ അടുത്തിടെയുള്ള ചില നടപടികള്‍ ഇന്ത്യന്‍ ടെക്ക് കമ്പനികളെ ചൊടിപ്പിച്ചിരിക്കുകയാണ്. 

ഗൂഗിളിനെതിരായ നീക്കത്തിനുവേണ്ടി ഇന്ത്യയിലെ സംരംഭകരുടെ രണ്ട് വീഡിയോ കോണ്‍ഫറന്‍സുകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇത് കഠിനമായ പോരാട്ടമായിരിക്കുമെന്നും. ഈ യുദ്ധത്തില്‍ ഗൂഗിള്‍ പരാജയപ്പെടുമെന്നും ഇന്‍ഡ്യാമാര്‍ട്ട് ഐഎന്‍എംആര്‍.എന്‍എസ് സിഇഒ ദിനേഷ് അഗര്‍വാള്‍ പറഞ്ഞു. 

ഗൂഗിളിനെതിരെ ഒന്നിച്ചുനില്‍ക്കാന്‍ പുതിയ സ്റ്റാര്‍ട്ട് അപ്പ് അസോസിയേഷന്‍ രൂപീകരിക്കുന്നകാര്യം വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ചയായെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 99 ശതമാനത്തോളം സ്മാര്‍ട്‌ഫോണുകളും ആന്‍ഡ്രാേയിഡില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇക്കാരണം കൊണ്ട് ചില ആപ്ലിക്കേഷനുളിലും സേവനങ്ങള്‍ ഗൂഗിളിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നുവെന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണത്തെ ഗൂഗിള്‍ നിഷേധിക്കുന്നുണ്ട്. 

നയ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് പേടിഎമ്മിനെതിരെ നടപടിയെടുത്തതോടെയാണ്  ഗൂഗിളിനെതിരായ പ്രതിഷേധം ശക്തമായത്. 

ആപ്പ് വിതരണ രംഗത്തെ ഓക്‌സിജന്‍ ലഭ്യത നിയന്ത്രിക്കുന്ന 'ബിഗ്ഡാഡി' ആണ് ഗൂഗിള്‍ എന്ന് പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ വീഡിയോ കോണ്‍ഫറന്‍സിനിടെ പറഞ്ഞു. ഈ 'സുനാമി' അവസാനിപ്പിക്കുന്നതിനായി ഒന്നിച്ച് നില്‍ക്കാനും യോഗത്തില്‍ പങ്കെടുത്ത 50 ഓളം ഉദ്യേഗസ്ഥരോട് അദ്ദേഹം ആഹ്വാനം ചെയ്തു.

നമ്മളൊന്നിച്ച് ഒന്നും ചെയ്തില്ലെങ്കില്‍ ചരിത്രം നമ്മളോട് പൊറുക്കില്ല. ശര്‍മ പറഞ്ഞു. 

പരാതികള്‍ നല്‍കുന്നതിനൊപ്പം ഗൂഗിള്‍  പ്ലേ സ്റ്റോറിന് പകരം സംവിധാനം അവതരിപ്പിക്കാമെന്ന ആശയവും ഉയര്‍ന്നു. എന്നാല്‍ ഗൂഗിളിന്റെ ആധിപത്യത്തിന് മേല്‍ അത് പെട്ടെന്ന് ഫലപ്രദമാവില്ലെന്ന് ശര്‍മ പറഞ്ഞു. 

ഗൂഗിളിന്റെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേ ടിഎം മിനി ആപ് സ്റ്റോര്‍ അവതരിപ്പിച്ചു. 

ഇന്ത്യക്കാരായ ആപ്പ് ഡെവലപ്പര്‍മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പേ ടിഎം പറയുന്നു. പ്ലേസ്റ്റോറിലെ ആപ്പുകളില്‍നിന്ന് കമ്മീഷന്‍ ഇനത്തില്‍ 30ശതമാനം തുക ഈടാക്കനുള്ള ഗൂഗിളിന്റെ തീരുമാനം ഈയിടെയാണ് പുറത്തുവന്നത്. 

ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍നിന്ന് സെപ്റ്റംബര്‍ 18ന് താല്‍ക്കാലികമായി പേ ടിഎം ആപ്പ് ഒഴിവാക്കിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.

ഡെക്കാത്തലോണ്‍, ഒല, റാപ്പിഡോ, നെറ്റ്‌മെഡ്‌സ്, 1എംജി, ഡോമിനോസ് പിസ, ഫ്രഷ് മെനു, നോബ്രോക്കര്‍ തുടങ്ങി 300ഓളം ആപ്പുകള്‍ ഇതിനകം പേ ടിഎമ്മിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമായിട്ടുണ്ട്.