29 March 2024 Friday

മലപ്പുറം ജില്ലയില്‍ ഇന്ന് 792 പേര്‍ക്ക് കോവിഡ്

ckmnews

മലപ്പുറം ജില്ലയിൽ ഇന്ന് 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 715 പേര്‍ക്ക് രോഗമുക്തി


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 721 പേര്‍ക്ക് വൈറസ്ബാധ


മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 04) 792 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 721 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ഇന്ന് 715 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 19,162 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.


നിരീക്ഷണത്തില്‍ 44,440 പേര്‍


44,440 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,746 പേരാണ് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 460 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,639 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,80,711 സാമ്പിളുകളില്‍ 8,803 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 111 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.


ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം


പൊതു സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 വ്യാപനമാണ് ജില്ലയില്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതെന്നിരിക്കെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു കാരണവശാലും വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുമെന്ന സാഹചര്യമാണ് നിലവിലേത്. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.


അത്യാവശ്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.