19 April 2024 Friday

മലപ്പുറം ജില്ലയില്‍ ഇന്ന് 977 പേര്‍ക്ക് കോവിഡ്

ckmnews

*മലപ്പുറം ജില്ലയില്‍ ഇന്ന് 977 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു*.


601 പേര്‍ക്ക് രോഗമുക്തി


ജില്ലയില്‍ ഇളവുകള്‍ക്ക് വഴങ്ങാതെ കോവിഡ്. ജില്ലയില്‍ 977 പേര്‍ക്കാണ് ഇന്ന് (സെപ്റ്റംബര്‍ 30) കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 877 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കോവിഡിനെതിരെയുള്ള ജാഗ്രതക്കുറവാണ് ഇത്രയും രോഗബാധിതര്‍ ഉണ്ടാകാനിടയാക്കിയിരിക്കുന്നതെന്നാണ് നിഗമനം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കിലും ജനങ്ങളുടെ സഹകരണത്തൊടെ മാത്രമെ കൃത്യമായ കോവിഡ് പ്രതിരോധം സാധ്യമാകൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 601 പേരുള്‍പ്പടെ ഇതുവരെ 16,607 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.


39,283 പേര്‍ നിരീക്ഷണത്തില്‍


39,283 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 5,635 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 536 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,806 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,68,114 സാമ്പിളുകളില്‍ 6,055 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.