29 March 2024 Friday

ഗതാഗതനിയമലംഘനം: വഴിയില്‍ തടയില്ല, പിഴ വീട്ടിലെത്തും

ckmnews




ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ സൂക്ഷിക്കുക. പിഴയുടെ 'പെരുമഴ'ക്കാലം തുടങ്ങി. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വാഹനപരിശോധന ഓണ്‍ലൈനായതോടെ നിയമം ലംഘിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈല്‍ഫോണില്‍ വരുമ്പോള്‍ മാത്രമാകും കുടുങ്ങിയ കാര്യം തിരിച്ചറിയുക.


ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാന്‍ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡ് വക്കില്‍ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാര്‍ട്ട് ഫോണില്‍ കുറ്റകൃത്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈന്‍ ചെക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ്.


അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള 900 എന്‍ഫോഴ്സ്മെന്‍് ഓഫീസര്‍മാരുടെയും മൊബൈല്‍ഫോണുകളില്‍ ഇ-ചെലാന്‍ പ്രവര്‍ത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങള്‍ എവിടെവെച്ച് കണ്ണില്‍പ്പെട്ടാലും പിഴചുമത്താം. മൊബൈല്‍ഫോണില്‍ ചിത്രമെടുത്താല്‍ മതി. പരിവാഹന്‍ വെബ്സൈറ്റുമായി ചേര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈല്‍ഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, നോ പാര്‍ക്കിങ്, വാഹനങ്ങളുടെ രൂപമാറ്റം, നമ്പര്‍ ബോര്‍ഡിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം പിഴനോട്ടീസായി മാറും. പിഴയടയ്ക്കാന്‍ 30 ദിവസം ലഭിക്കും. ഓണ്‍ലൈനിലും പിഴയടയ്ക്കാം. ഇല്ലെങ്കില്‍ ഓണ്‍ലൈനായി കോടതിയില്‍ കേസെത്തും.


ആദ്യപടിയായി വാഹനങ്ങളുടെ രൂപമാറ്റവും നമ്പര്‍ബോര്‍ഡിലെ ക്രമക്കേടുകളുമാണു പരിശോധിച്ചത്. ഇ-ചെലാനില്‍ ഇതുവരെ 28,000 പേര്‍ കുടുങ്ങി. വീലുകള്‍, സൈലന്‍സര്‍ എന്നിവയില്‍ മാറ്റംവരുത്തിയ വാഹനങ്ങളും അനുവദനീയമല്ലാത്ത ലൈറ്റുകള്‍, ഹോണുകള്‍, കൂളിങ് ഫിലിം എന്നിവ ഉപയോഗിച്ചവര്‍ക്കുമാണ് പിഴചുമത്തിയത്.


എവിടെനിന്നാണ് പരിശോധിക്കുക എന്നുപോലും അറിയാനാകില്ല. 'സേഫ് കേരള'യുടെ 24 മണിക്കൂര്‍ സ്‌ക്വാഡുകള്‍കൂടി നിരത്തിലിറങ്ങിയാല്‍ പരിശോധന കൂടുതല്‍ കര്‍ശനമാകും.


ഉദ്യോഗസ്ഥര്‍ക്ക് വിഹിതമില്ല


പരിശോധന ശക്തമായതോടെ, ഈടാക്കുന്ന പിഴയുടെ 30 ശതമാനം ഉദ്യോഗസ്ഥര്‍ക്കാണെന്ന വിധത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. ഇതു തെറ്റാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു. പിഴത്തുക പൂര്‍ണമായും ട്രഷറിയിലേക്കാണു പോകുന്നത്