വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ജൂലൈയിലാണ് അമീറിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിൻ്റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു.

ദോഹ∙ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വേര്‍പാടിലൂടെ പ്രതിസന്ധികളില്‍ ഖത്തറിനെ കരുതലോടെ ചേര്‍ത്ത് പിടിച്ച ഭരണാധികാരിയെയാണ്  നഷ്ടമായത്. 

ഖത്തറിലെ സ്വദേശികള്‍ക്ക് മാത്രമല്ല പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. അയല്‍ രാജ്യമെന്നതിനേക്കാള്‍ ഉപരി ഖത്തറിന്റെ സഹോദര രാജ്യവും ശക്തികേന്ദ്രവും കൂടിയാണ് കുവൈത്ത്. ഗള്‍ഫിന്റെ ഐക്യം ഏറെ ആഗ്രഹിച്ച ഭരണാധികാരി. സൗദി സഖ്യം ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നിമിഷം മുതല്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. ഉപരോധ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം മുതല്‍ തന്നെ ഖത്തറിലെ ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യ,ഭക്ഷ്യേതര സാധനങ്ങള്‍ എത്തിച്ച് ഭരണനേതൃത്വത്തിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തേകി ഒപ്പം നിന്നു.  2019 മേയ് 19 നായിരുന്നു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഔദ്യോഗിക കുവൈത്ത് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര, സൗഹൃദ, ഉഭയകക്ഷി  ബന്ധം ശക്തിപ്പെടുത്തിയാണ് ഓരോ കൂടിക്കാഴ്കളും അവസാനിച്ചിരുന്നത്. ഖത്തര്‍ അമീറിനോട് ഏറെ വാല്‍സല്യവും സ്‌നേഹവും പ്രകടമാക്കിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ഇരുവരും തമ്മില്‍ അഭേദ്യമായ ആത്മബന്ധവും ഉണ്ടായിരുന്നു. യുഎസിലെ ചികിത്സക്കിടയിലും കുവൈത്ത് അമീറുമായി അദ്ദേഹം നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.


ഖത്തറിലെ ഓരോ സ്വദേശിയുടേയും ഹൃദയത്തിലാണ് കുവൈത്ത് അമീറിന്റെ സ്ഥാനമെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി വ്യക്തമാക്കിയിരുന്നു. അറബ് നയതന്ത്രത്തിന്റെ ഡീന്‍ എന്നാണ് ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തെ വിശേഷിപ്പിച്ചതും. കുവൈത്ത് അമീറിനോടുള്ള ആദര സൂചകമായി ഖത്തറിന്റെ പ്രധാന ഹൈവേ പദ്ധതിയ്ക്ക് സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലേയും ഭരണനേതൃത്വങ്ങള്‍ മാത്രമല്ല ജനങ്ങള്‍ തമ്മിലും സഹോദര, സൗഹൃദ ബന്ധമാണുള്ളത്. കുവൈത്ത് അമീറിന്റെ വേര്‍പാടില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.