20 April 2024 Saturday

അര ലക്ഷം രൂപയ്ക്കു മുകളിലുള്ള ചെക്കു നല്‍കുമ്പോള്‍ ബാങ്കിനെ അറിയിക്കണം

ckmnews

വന്‍ തുകകള്‍ക്കുള്ള ചെക്കുകള്‍ നല്‍കുമ്പോള്‍ അക്കൗണ്ട് ഉടമ അക്കാര്യം ബാങ്കിനെ ഇലക്ട്രോണിക് രീതിയില്‍ അറിയിക്കണമെന്ന നിബന്ധന വരുന്നു. പോസിറ്റീവ് പേ സിസ്റ്റം എന്ന പേരിലുള്ള ഈ രീതി 2021 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാക്കാനാണ് റിസര്‍വ് ബാങ്ക് നീക്കം. 

അപാകതകൾ അറിയിക്കും

എസ് എം എസ്, മൊബൈല്‍ ആപ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയ ഏതെങ്കിലും മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ട് ഉടമ ബാങ്കിനെ വിവരങ്ങള്‍ അറിയിക്കണം. ചെക്കിലെ തീയ്യതി, ആരുടെ പേരിലാണ് ചെക്ക് നല്‍കിയിട്ടുള്ളത്, തുക തുടങ്ങിയ വിവരങ്ങളെങ്കിലും ഇങ്ങനെ നല്‍കേണ്ടി വരും. ചെക്ക് ഇടപാട് സംവിധാനം (സിടിഎസ്) നല്‍കുന്ന ചെക്കുകള്‍ ഇങ്ങനെ ഉപഭോക്താവു നല്‍കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്താവും ബാങ്കുകള്‍ പാസാക്കുക. ഇതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ ചെക്കു നല്‍കിയ ബാങ്കിനേയും അതു നിക്ഷേപിച്ച ബാങ്കിനേയും അറിയിച്ചു പരിഹരിക്കാന്‍ ശ്രമിക്കും. നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആയിരിക്കും സിടിഎസിന്റെ പോസിറ്റീവ് പേ സംവിധാനത്തിനായുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുക. 

ബാങ്കുകള്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ഇങ്ങനെ വിവരങ്ങള്‍ അറിയിക്കാനുള്ള സൗകര്യം ലഭ്യമാക്കും. 50,000 രൂപ മുതലുള്ള ചെക്കുകള്‍ നല്‍കുമ്പോഴാവും ഇങ്ങനെ ബാങ്കിനെ വിവരങ്ങള്‍ അറിയിക്കേണ്ടത്. ഈ സംവിധാനം പ്രയോജനപ്പെടുത്തണോ എന്നതു തീരുമാനിക്കാനുള്ള അവസരം അക്കൗണ്ട് ഉടമകള്‍ക്കു നല്‍കുമെങ്കിലും അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലാണ് ചെക്ക് എങ്കില്‍ വിവരങ്ങള്‍ അറിയിക്കേണ്ടത് നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം സിടിഎസ് വഴി ചെക്ക് പാസാക്കിയതിന്‍മേലുള്ള പരാതികള്‍ സമര്‍പ്പിക്കണമെങ്കില്‍ പോസിറ്റീവ് പേ സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കണമെന്ന നിബന്ധന കൂടി ഉണ്ടായേക്കും. അതായത് ജനുവരി ഒന്നു മുതല്‍ അര ലക്ഷം രൂപയ്ക്കു മുകളിലുളള ചെക്കു നല്‍കുന്നവര്‍ ബാങ്കിനു വിവരം നല്‍കേണ്ടി വരുന്ന അവസ്ഥയാവും പ്രായോഗികമായി ഉണ്ടാകുക.