20 April 2024 Saturday

കൊവിഡ് വ്യാപനം: ആൾക്കൂട്ട സമരങ്ങൾ അവസാനിപ്പിച്ച് യുഡിഎഫ്

ckmnews




തിരുവനന്തപുരം: സംസ്ഥാന  സർക്കാരിൻ്റെ യുഡിഎഫും പോഷകസംഘടനകളും നടത്തി വന്നിരുന്നു പ്രക്ഷോഭങ്ങൾ താത്കാലികമായി നി‍ർത്തി വയ്ക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആൾക്കൂട്ടസമരങ്ങൾ താത്കാലികമായി നി‍ർത്തിവയ്ക്കുന്നതെന്നും സർക്കാരിനെതിരായ പ്രതിഷേധം ഇനിയും തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 


ഇന്ന് രാവിലെ യുഡിഎഫ് നേതക്കാൾ തമ്മിൽ അനൗദ്യോ​ഗികമായി നടത്തിയ ച‍ർച്ചയിലാണ് ആൾക്കൂട്ടസമരം താത്കാലികമായി നി‍ർത്തിവയ്ക്കാൻ ധാരണയായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രത്യേകിച്ചും യുഡിഎഫ് അതിശക്തമായ സമരമാണ് കഴിഞ്ഞ ആഴ്ചകളിൽ നടത്തിയത്. പലപ്പോഴും ഈ സമരങ്ങൾ പൊലീസ് നടപടിയിലും സംഘ‍ർഷത്തിലുമാണ് അവസാനിക്കാറുള്ളത്.


സ്വ‍ർണക്കടത്ത്, ലൈഫ് മിഷൻ, സ്പ്രിം​ഗ്ള‍ർ തുടങ്ങി വിവിധ വിഷയങ്ങളിൽ സ‍ർക്കാരിനെ കടന്നാക്രമിച്ചു കൊണ്ട് യുഡിഎഫ് സമരം നടത്തിയിരുന്നു. യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങൾ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രിയും സിപിഎമ്മും നിരന്തരം വിമ‍ർശിച്ചിരുന്നു. 


കൊവിഡ് വ്യാപനം മുൻനി‍ർത്തി സർക്കാർ സമരങ്ങൾക്കെതിരെ പ്രചരണം ശക്തമായതും തിരുവനന്തപുരത്തെ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം നി‍ർത്തിവയ്ക്കുക എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. കെ.െഎസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിൻ്റെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.