പാലക്കാട് വടക്കഞ്ചേരിയില്‍ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം

പാലക്കാട്: തമിഴ്നാട് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പന് വഴിപാടികളുമായി ആനപ്രേമികൾ. അരിക്കൊമ്പന്റെ സുരക്ഷയക്ക് വേണ്ടി പ്രത്യേക പൂജയൊരുക്കി. വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിലാണ് അരിക്കൊമ്പന്‍റെ സുരക്ഷയ്ക്ക് വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയത്. കർണാടകയിൽ താമസിക്കുന്ന ഒരു ഭക്തയാണ് വഴിപാട് നേർന്നത്.
കഴിഞ്ഞ ദിവസം കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘അരിക്കൊമ്പൻ- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതില്‍ നല്‍കിയിരിക്കുന്നത്. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്.
ഇതിനിടെ അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.