29 March 2024 Friday

മൊഴി തിരുത്തി പോക്സോ കേസ് നൽകിയ താരം; ബ്രിജ് ഭൂഷണുമേലുള്ള പോക്സോ കേസ് ഒഴിവാകും

ckmnews


റെസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പോക്സോ കേസ് നൽകിയ ഗുസ്തി താരം മൊഴി തിരുത്തി. ബ്രിജ് ഭൂഷണിൽ നിന്നും പീഡനമുണ്ടാകുന്ന ഘട്ടത്തിൽ പ്രായപൂർത്തി ആയിരുന്നില്ല എന്ന മൊഴിയാണ് താരം മാറ്റിപ്പറഞ്ഞത്. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അവളുടെ പരാതി തുടരുന്നുവെന്നും ഇരയുടെ പിതാവ് അറിയിച്ചു. പ്രായപരിധി മാറുന്നതോടെ റെസ്‌ലിങ് ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്‌സോ കുറ്റം ഒഴിവാകും.

ബ്രിജ് ഭൂഷണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതായി ഗുസ്തി താരങ്ങൾ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ ജൂൺ 15 വരെ സമയം തേടിയെന്ന് സാക്ഷി മാലിക് പറഞ്ഞു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ മാരത്തോണ് ചർച്ചക്ക് ശേഷമാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ജൂൺ 15 നുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും സാക്ഷി മാലിക് പ്രതികരിച്ചു. വിഷയം കർഷക നേതാക്കളുമായിട്ട് ചർച്ച ചെയ്യുമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.പൊലീസ് അന്വേഷണം ജൂൺ 15 നകം പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അത് വരെ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചുവെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി. താരങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും വനിത ഗുസ്തി താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയച്ചതായി ബജ്റംഗ് പുനിയ പറഞ്ഞു .